യോഗേന്ദ്ര യാദവും ഭൂഷണും പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: ചരിത്ര വിജയം നേടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയില്‍ വീണ്ടും ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ശാന്തി ഭൂഷണും മകന്‍ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആം ആദ്മി പാര്‍ട്ടിയുടെ തുറന്ന കത്ത്.

ലോക്പാല്‍ മൂവ്‌മെന്റ് മുതല്‍ അരവിന്ദ് കെജ്‌രിവാളിനോടൊപ്പമുള്ള പ്രശാന്ത് ഭൂഷണ്‍ തിരഞ്ഞെടുപ്പ് സമയത്ത് മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളെ വിളിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. കെജ്‌രിവാളിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെടരുതെന്ന് മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നത്.

സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയായ പ്രശാന്ത് ഭൂഷണ്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് സംഭാവന നല്‍കുന്നത് വിലക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പായി പത്രസമ്മേളനം നടത്തി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുമെന്നും പ്രശാന്ത് ഭൂഷണ്‍ ഭീഷണിപ്പെടുത്തിയിരുന്നു. പത്ത് മുതിര്‍ന്ന നേതാക്കള്‍ പ്രശാന്ത് ഭൂഷണെ അനുനയിപ്പിക്കാന്‍ ശ്രമിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിനെ മൂന്നു മുതിര്‍ന്ന നേതാക്കള്‍ ചോദ്യം ചെയ്തത് മുതലാണ് പാര്‍ട്ടിയില്‍ കലഹം തുടങ്ങിയത്. എന്നാല്‍ 70 ല്‍ 67 സീറ്റും നേടി ആം ആദ്മി ഡല്‍ഹിയില്‍ ചരിത്ര വിജയം നേടുകയായിരുന്നു.

മനീഷ് സിസോദിയയുടെ നേതൃത്വത്തിലാണു പ്രവര്‍ത്തകര്‍ക്കു തുറന്ന കത്ത് അയച്ചിരിക്കുന്നത്.

Top