യെമനില്‍ നിന്നും ഇന്ത്യക്കാരുമായി ആദ്യ വിമാനം പുറപ്പെട്ടു; രണ്ട് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്

യെമനില്‍ ഹൂത്തി വിമതരും ദശരാഷ്ട്ര സഖ്യവും തമ്മിലുള്ള പോരാട്ടം ശക്തമായതിനെ തുടര്‍ന്ന് ആശങ്കയില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പുറപ്പെട്ട ആദ്യ വിമാനം യാത്രക്കാരുമായി തിരിച്ചു. വിമാനത്തില്‍ 15 മലയാളികള്‍ ഉണ്ട്.

ഇതിനു പുറമേ, യെമനില്‍ കുടുങ്ങി പോയ കൂടുതല്‍ ഇന്ത്യക്കാരുടെ രക്ഷയ്ക്കായി രണ്ട് സായുധ കപ്പലുകള്‍ കൂടി ഇന്ത്യയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. എംവി കവരത്തി, കോറല്‍ സീ എന്നീ കപ്പലുകളാണ് കൊച്ചിയില്‍ നിന്നും പുറപ്പെട്ടത്. രണ്ട് കപ്പലുകളുടെയും നിയന്ത്രണം പൂര്‍ണമായും നാവിക സേനയ്ക്കാണ്. ഇന്നലെ 652 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും ലക്ഷ്വദ്വീപിലേക്ക് പുറപ്പെട്ട കപ്പലിനെ അടിയന്തിരമായി തിരികെ വിളിച്ച് യെമനിലേക്ക് അയക്കുകയായിരുന്നു.

യെമനില്‍ ഷിയാ വിഭാഗമായ ഹൂത്തി വിമതര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്രസഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 35 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. 88 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. സനാ, സാഡ, ഹോഡിഡാ എന്നീ പ്രവിശ്യകളിലായിരുന്നു പ്രധാനമായും വ്യോമാക്രമണം നടന്നത്.

ഹൂത്തികള്‍ കീഴടങ്ങുന്നതുവരെ ആക്രമണം തുടരാനാണ് സൗദി സഖ്യത്തിന്റെ തീരുമാനം.ഇതേ സമയം തെക്കന്‍ യെമനില്‍ ഹൂത്തികളും സുന്നി ഗോത്രവര്‍ഗ പോരാളികളും തമ്മില്‍ ഉഗ്ര പോരാട്ടം നടക്കുകയാണ്. യുദ്ധം അഞ്ചോ ആറോ മാസം നീണ്ടുപോയേക്കാമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Top