സീതാറാം യെച്ചൂരിയില്‍ കണ്ണുംനട്ട് വി.എസ് അച്യുതാനന്ദന്‍

ന്യൂഡല്‍ഹി: സിപിഎം സ്ഥാപക നേതാവ് വി.എസ് അച്യുതാനന്ദനെ കേന്ദ്ര കമ്മറ്റിയില്‍ നിന്നും വെട്ടി നിരത്താന്‍ അണിയറയില്‍ നീക്കം. ഒറ്റയാനായ വി.എസിനെ ഒറ്റയടിക്ക് സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസം ഉള്ളപ്പോഴും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ പിന്‍ബലത്താല്‍ കേന്ദ്ര കമ്മറ്റിയില്‍ തുടരാനും അതുവഴി സംസ്ഥാന കമ്മറ്റിയില്‍ ഒഴിവുള്ള സ്ഥാനത്ത് അവരോധിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണിത്.

കേന്ദ്ര കമ്മറ്റിയില്‍ വി.എസ് തുടര്‍ന്നാല്‍ സ്വാഭാവികമായും സംസ്ഥാന കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ വി.എസിന് കഴിയും. പുതിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന്‍ അടക്കമുള്ളവര്‍ക്ക് അഖിലേന്ത്യാ സെക്രട്ടറിയാകുമെന്ന് കരുതപ്പെടുന്ന സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ തള്ളിക്കളയാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും.

ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയാക്കാതിരിക്കാനുള്ള നീക്കം അണിയറയില്‍ നടത്തുന്നത്. മലയാളിയായ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്ര പിള്ള പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയാകണമെന്നാണ് സംസ്ഥാന സിപിഎം നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കളും ആഗ്രഹിക്കുന്നത്. പ്രകാശ് കാരാട്ടിന്റെ പിന്‍തുണയും ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്.

കാരാട്ടിന്റെ നിലപാടിനെതിരെ ബദല്‍ പാര്‍ട്ടി കത്ത് അടക്കം പുറത്തിറക്കി ദേശീയ തലത്തില്‍ വിമത ശബ്ദമുയര്‍ത്തിയ യെച്ചൂരിയുടെ നടപടി പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിമരുന്നിടുമെന്നതിനാല്‍ ഇതിന്റെ മറപിടിച്ച് യെച്ചൂരിക്കെതിരെ നീങ്ങാനാണ് നീക്കം. എന്നാല്‍ സിപിഎം ബംഗാള്‍- തൃപുര ഘടകങ്ങളുടെ ശക്തമായ പിന്‍തുണയുള്ള സീതാറാം യെച്ചൂരിയെ വെട്ടി നിരത്താന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

യെച്ചൂരിക്ക് ബദലായി എസ് രാമചന്ദ്ര പിള്ളയെ ഒരു കാരണവശാലും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ലെന്നും ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ ഉള്ള ഇമേജ് തകര്‍ക്കാനെ അത്തരം നേതൃമാറ്റം വഴി സാധിക്കൂ എന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കുഞ്ഞനന്ദനെയും ട്രൗസര്‍ മനോജിനെയും പുറത്താക്കണമെന്ന വി.എസിന്റെ നിര്‍ദേശം സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മാറ്റത്തോടെ നടപ്പാക്കുമോയെന്ന ആശങ്ക പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുണ്ട്. വി.എസ് പ്രതീക്ഷ അര്‍പ്പിച്ച് ഇപ്പോഴും കടുത്ത നടപടിക്ക് മുതിരാത്തതും ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ്.

പ്രതിപക്ഷ നേതൃസ്ഥാനമടക്കമുള്ളവ രാജി വയ്ക്കുന്ന കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുംവരെ കാത്തിരിക്കാനാണ് വി.എസിന്റെ തീരുമാനം. യെച്ചൂരി സെക്രട്ടറിയായാല്‍ കാര്യങ്ങളെല്ലാം തന്റെ വഴിക്ക് വരുമെന്ന പ്രതീക്ഷയും വി.എസിനുണ്ട്. ഈ ‘അപകടം’ മുന്നില്‍ കണ്ടാണ് സംസ്ഥാന നേതൃത്വത്തിന്റെയും കേന്ദ്രത്തിലെ ഒരു വിഭാഗത്തിന്റെയും തന്ത്രപരമായ കരുനീക്കം.

വി.എസിനെ പാര്‍ട്ടിയോട് അടുപ്പിച്ച് നിര്‍ത്താനും വി.എസിന്റെ വാദങ്ങള്‍ക്ക് ചെവികൊടുക്കാനും യെച്ചൂരി കാണിക്കുന്ന അമിത താല്‍പര്യത്തില്‍ പിണറായി പക്ഷ നേതാക്കള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്.

താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുമ്പോഴും സീതാറാം യെച്ചൂരിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പത്രസമ്മേളനം ഒഴിവാക്കിയ വി.എസ് സമവായ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. പത്രസമ്മേളനം നത്തിയില്ലെങ്കിലും തന്റെ വാദങ്ങള്‍ പത്രകുറിപ്പ് രൂപത്തില്‍ വി.എസ് വീണ്ടും ആവര്‍ത്തിച്ചതും സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനും വി.എസിനെതിരെ നടപടി ആവശ്യപ്പെടാനാണ് സംസ്ഥാനത്തെ സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ നീക്കം.

അടുത്ത പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലും പാര്‍ട്ടി കോണ്‍ഗ്രസിലും സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധികള്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കും. എന്നാല്‍ കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കള്‍ വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങളെ പിന്‍തുണയ്ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഈ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ശക്തമായ സ്വാധീനമാണ് സീതാറാം യെച്ചൂരിക്കുള്ളത്. യെച്ചൂരിയുടെ ഈ സ്വീകാര്യത വി.എസിന് നേട്ടമാകുമോ എന്നാണ് ഇനി അറിയാനുള്ളത്. സിപിഎം സ്ഥാപക നേതാവ് എന്ന പരിഗണന കേന്ദ്ര നേതാക്കള്‍ക്ക് പരിഗണിക്കേണ്ടി വരുമെന്ന സൂചനയാണ് മുതിര്‍ന്ന ചില കേന്ദ്രകമ്മറ്റി അംഗങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം, പാര്‍ട്ടി അച്ചടക്കം പാലിക്കേണ്ടതിന്റെ അനിവാര്യതയും വി.എസിനെ ബോധ്യപ്പെടുത്തും.

സംസ്ഥാന സെക്രട്ടറിയേറ്റ് വി.എസിനെതിരായ പ്രമേയം പരസ്യമാക്കിയതിലും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.

കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ കത്ത് ചോര്‍ന്നതില്‍ കേന്ദ്രകമ്മിറ്റി അംഗമായ വി.എസിനെതിരെ കേന്ദ്രകമ്മിറ്റിയാണ് നടപടിയെടുക്കേണ്ടത് എന്നിരിക്കേ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ശാസനാ പ്രമേയം അവതരിപ്പിച്ചത് സംഘടനാ പരമായി ശരിയായ നടപടിയല്ലെന്ന നിലപാടും നേതാക്കള്‍ക്കിടയിലുണ്ട്. വി.എസ് സമ്മേളത്തില്‍ നിന്ന് വിട്ട് നിന്ന നടപടി ശരിയായില്ലെന്ന വിമര്‍ശനവും അവര്‍ക്കിടയില്‍ ശക്തമാണ്.

അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇനിയും തുടരുന്നത് പ്രതിച്ഛായക്ക് കോട്ടംതട്ടുമെന്നതിനാല്‍ തല്‍സ്ഥാനം രാജിവയ്ക്കാന്‍ അണികളില്‍ നിന്നും ശക്തമായ സമ്മര്‍ദം വി.എസ് ഇപ്പോള്‍ നേരിടുന്നുണ്ട്.

Top