യെച്ചൂരിക്കെതിരായ ആക്രമണം ആസൂത്രിതം, പ്രതിഷേധത്തിന് സിപിഎം ആഹ്വാനം ചെയ്തു

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണം.

ഹിന്ദു സേനയുടെ പ്രവര്‍ത്തകര്‍ സംഘപരിവാറിലെ ചിലരുടെ അറിവോടെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. യെച്ചൂരി മാത്രമല്ല മറ്റ് ചില സിപിഎം നേതാക്കളെയും ആക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായാണ് പൊലീസ് കരുതുന്നത്.

കാശാപ്പ് നിരോധനത്തിനെതിരായ സിപിഎം നിലപാടിലുള്ള പ്രതിഷേധം മാത്രമാണെന്ന് പറയുന്നുണ്ടെങ്കിലും കേരളത്തിലെ സിപിഎം ‘ആക്രമണത്തിനെതിരായ’ തിരിച്ചടികൂടിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ നീക്കത്തെ നോക്കിക്കാണുന്നത്.

അതേ സമയം ആക്രമണത്തില്‍ പങ്കില്ലന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി പ്രതിഷേധത്തിന് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.

പോളിറ്റ് ബ്യൂറോ യോഗത്തിന്റെ വിലയിരുത്തലിനെ കുറിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി മീഡിയ റൂമിലേക്കു വരുമ്പോഴാണ് സംഭവമുണ്ടായത്.

എകെജി ഭവനില്‍ അതിക്രമിച്ചു കയറിയ രണ്ടു പേരാണ് യച്ചൂരിയെ ആക്രമിച്ചത്.സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തെ സിപിഎം ആര്‍എസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചു നാലു പേര്‍ യെച്ചൂരിക്ക് അരികിലേക്കു പാഞ്ഞടുക്കുകുയും അദ്ദേഹത്തെ തള്ളി വീഴ്ത്തുകയുമായിരുന്നു. ഉടന്‍തന്നെ മാധ്യമ പ്രവര്‍ത്തകരും മറ്റുള്ളവരും ചേര്‍ന്ന് യെച്ചൂരിയെ മറ്റൊരു മുറിയിലേക്കു മാറ്റി.

യച്ചൂരിക്കുനേരെ നടന്ന ആക്രമണം ദുരൂഹമാണെന്ന് സിപിഎം നേതാവും എംപിയുമായ എം.ബി. രാജേഷ് പ്രതികരിച്ചു. സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ആക്രമണമെന്നും രാജേഷ് ആരോപിച്ചു.

സിപിഎമ്മിന്റെ രാജ്യവിരുദ്ധ നിലപാടിനോടാണ് തങ്ങളുടെ പ്രതിഷേധമെന്ന് പൊലീസ് പിടികൂടിയ ഹിന്ദുസേനാ പ്രവര്‍ത്തകരായ ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവര്‍ വ്യക്തമാക്കി.

യെച്ചൂരിക്ക് നേരെ നടന്ന ആക്രമണം രാഷ്ട്രീയ കേന്ദ്രങ്ങളെ ആകെ ഞെട്ടിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കന്‍മാരുമായും വളരെ അടുത്ത ബന്ധമാണ് യെച്ചൂരിക്കുള്ളത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി എകെജി ഭവനു മുന്നില്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

വീഡിയോ കടപ്പാട് : മനോരമ ന്യൂസ്‌

Top