യൂറോപ്യന്‍ രാജ്യാതിര്‍ത്ഥികള്‍ അഭയാര്‍ത്ഥികള്‍ക്കായി തുറന്നു

ബുഡാപെസ്റ്റ് : അഭയാര്‍ഥികളുടെ കാര്യത്തില്‍ അഭിപ്രായസമന്വയം സാധിക്കാതെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വലയുന്നതിനിടെ അഭയാര്‍ഥിപ്രവാഹം തുടരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ വന്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിഷയത്തില്‍ ഇയു രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായസംഘര്‍ഷം രൂക്ഷമായി. യുദ്ധവും ആഭ്യന്തരകലാപവും കലുഷിതമാക്കിയ പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെ തടയാന്‍ അതിരുകളില്ലാതിരുന്ന പല യൂറോപ്യന്‍ രാജ്യാതിര്‍ത്തികളിലും കൂറ്റന്‍ മുള്ളുവേലികള്‍ ഉയര്‍ന്നുതുടങ്ങി.

ഹംഗറിയില്‍നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് ഓസ്ട്രിയ സമ്മതിച്ചതോടെ അവിടത്തെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി. ശനിയാഴ്ച നാലായിരത്തിലധികം അഭയാര്‍ഥികളുമായി ഹംഗറിയിലെ ബസുകള്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയിലെത്തി. ഇതില്‍ ഭൂരിഭാഗവും സിറിയയില്‍നിന്നുള്ളവരാണ്. ഇത് ഉടന്‍ 10,000 കവിയുമെന്ന് ആസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഴയില്‍ കുതിര്‍ന്നും ദുരിതംപേറിയും ബസിലും ട്രെയിനിലുമായി വിയന്നയില്‍ എത്തിയ ഇവരില്‍ പലരും യൂറോപ്പിലെ ഏറ്റവുംവലിയ അഭയാര്‍ഥികേന്ദ്രമായ ജര്‍മനിയിലക്ക് യാത്ര തുടരുമെന്ന് പറഞ്ഞു. ഇവരില്‍ 450 പേര്‍ പ്രത്യേക ട്രെയിനില്‍ മ്യൂണിക്കില്‍ എത്തിയതായി ജര്‍മനി അറിയിച്ചു.

ചൊവ്വാഴ്ച ചേര്‍ന്ന 28 ഇയു രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ അഭയാര്‍ഥിപ്രശ്‌നം ചര്‍ച്ച ചെയ്‌തെങ്കിലും ഒരു തീരുമാനവും എടുക്കാനായില്ല. അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനെ ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ അനുകൂലിച്ചെങ്കിലും സ്ലൊവാക്യ, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ അത്ര വിശാലമനസ്‌കതയ്ക്ക് തയ്യാറല്ല. ഗ്രീസ്, ഹംഗറി, ഇറ്റലി എന്നിവിടങ്ങളില്‍ കൂടുതലായി എത്തുന്ന അഭയാര്‍ഥികളെ ക്വോട്ട നിശ്ചയിച്ച് ഇയു രാജ്യങ്ങള്‍ക്കിടയില്‍ വീതംവയ്ക്കാമെന്ന നിര്‍ദേശത്തില്‍ ഇതുവരെ ധാരണയായില്ല. 24നു യൂറോപ്യന്‍ യൂണിയന്‍ ചേരുന്നുണ്ടെങ്കിലും പ്രശ്‌നത്തിന് ഉടനൊരു പരിഹാരം പ്രതീക്ഷിക്കുന്നില്ല. അഭയാര്‍ഥികളെ തടയാന്‍ സെര്‍ബിയയോടു ചേര്‍ന്ന അതിര്‍ത്തിയില്‍ ഹംഗറി കമ്പിവേലി നിര്‍മിച്ചുതുടങ്ങി.

തുര്‍ക്കി കടല്‍ത്തീരത്ത് കണ്ടെത്തിയ സിറിയന്‍ കുരുന്നിന്റെ മൃതദേഹമാണ് ദശാബ്ദങ്ങളായി തുടരുന്ന അഭയാര്‍ഥിപ്രശ്‌നം വീണ്ടും ലോകശ്രദ്ധയിലെത്തിച്ചത്. മൂന്നരക്കോടിയോളം അഭയാര്‍ഥികള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തെന്നാണ് കണക്ക്. സിറിയയില്‍നിന്നാണ് യൂറോപ്പ് ലക്ഷ്യമാക്കി ഏറ്റവുംകൂടുതല്‍ അഭയാര്‍ഥികള്‍ എത്തുന്നത്. 2011ല്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതുമുതല്‍ 40 ലക്ഷത്തോളംപേര്‍ നാടുംവീടും ഉപേക്ഷിച്ച് പലായനം ചെയ്തു. ആഭ്യന്തരസംഘര്‍ഷം നാശംവിതച്ച ലിബിയ, ഇറാഖ്, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ മേഖലയില്‍നിന്നും അഭയാര്‍ഥിപ്രവാഹമുണ്ട്.

ഇതുവരെ 100 സിറിയന്‍ പൗരന്മാര്‍ക്ക് തങ്ങള്‍ അഭയംനല്‍കിയതായി അര്‍ജന്റീനയിലെ യുഎന്‍ ഹൈകമീഷണര്‍ അനിബാള്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് അഭയമരുളാന്‍ ഒരുക്കമാണ്. അഭയംതേടി വരുന്നവരെ തടയില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ അറിയിച്ചു. ഈവര്‍ഷം അവസാനത്തോടെ സിറിയ, ഇറാഖ്, എറിത്രിയ എന്നിവിടങ്ങളില്‍നിന്നായി രാജ്യത്ത് എട്ടു ലക്ഷം അഭയാര്‍ഥികള്‍ എത്താനിടയുണ്ടെന്ന് ജര്‍മന്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, നിയമപരമായല്ലാതെ വരുന്നവര്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന നിലപാട് മെര്‍ക്കല്‍ ആവര്‍ത്തിച്ചു.

Top