യൂറോപ്പ് പ്രകൃതി വാതക വിതരണത്തിന് റഷ്യ – യുക്രെയ്ന്‍ കരാര്‍

കീവ്: കിഴക്കന്‍ യുക്രെയ്ന്‍ പ്രദേശങ്ങള്‍ സംബന്ധിച്ച തര്‍ക്കം യുദ്ധസമാന അന്തരീക്ഷത്തില്‍ എത്തിയതിനിടെ, റഷ്യയും യുക്രെയ്നും തമ്മില്‍ പ്രകൃതി വാതക വിതരണത്തില്‍ ധാരണ. ഇതുപ്രകാരം ശൈത്യകാലത്ത് റഷ്യയില്‍ നിന്നുള്ള വാതകം യുക്രെയ്നിലേക്ക് ഒഴുകും. ഉഭയക കക്ഷി ബന്ധം വഷളായതിനെതുടര്‍ന്ന് പ്രകൃതി വാതക വിതരണം റഷ്യ നിര്‍ത്തി വെച്ചിരുന്നു. യുക്രെയ്ന്‍ നല്‍കുന്ന വില അപര്യാപ്തമാണെന്ന വാദമാണ് റഷ്യ ഉയര്‍ത്തിയിരുന്നത്.

യുറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക പൈപ്പ്‌ലൈനുകള്‍ കടന്നു പോകുന്നത് യുക്രെയ്നിലൂടെയാണ്. ഈ ഒഴുക്ക് റഷ്യ നിര്‍ത്തിവെച്ചതോടെ ശൈത്യകാലത്ത് യൂറോപ്പിലുടനീളം കടുത്ത വാതക ക്ഷാമം അനുഭവപ്പെടുമെന്ന് ആശങ്കയുണര്‍ന്നിരുന്നു. റഷ്യക്കെതിരെ നിരന്തരം ഉപരോധ ഭീഷണി മുഴക്കുന്ന യൂറോപ്യന്‍ യൂനിയന് പുതിയ കരാര്‍ വലിയ ആശ്വാസമായിരിക്കുകയാണ്.

ശൈത്യകാലത്ത് പ്രകൃതി വാതക വിതരണം കാര്യക്ഷമാമാകുമെന്ന് ഉറപ്പാണ് ഈ കരാറിലൂടെ ലഭിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ ഊര്‍ജ മേധാവി ഗുന്തര്‍ ഒറ്റിംഗര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവു വരുത്തുന്ന നിര്‍ണായക കരാറാണ് നിലവില്‍ വന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജോസ് മാനുവല്‍ ബറോസോ പ്രതികരിച്ചു.

Top