യൂബര്‍ പീഡനക്കേസ്: ടാക്‌സി ഡ്രൈവര്‍ ശിവകുമാര്‍ യാദവിന് ജീവപര്യന്തം

ന്യൂഡല്‍ഹി: യൂബര്‍ ടാക്‌സി പീഡനക്കേസ് പ്രതി പ്രതി ശിവകുമാര്‍ യാദവിന് ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം കഠിന തടവിന് വിധിച്ചിരിക്കുന്നത്.

പ്രതി യാതൊരു വിധത്തിലുള്ള കരുണയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം ജഡ്ജ് കാവേരി ബവേജ അംഗീകരിക്കുകയായിരുന്നു. ഒക്ടോബര്‍ 20ന് പ്രതി കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2014 ഡിസംബര്‍ 5ന് 25 വയസുള്ള സാമ്പത്തിക സ്ഥാപനത്തിലെ ജോലിക്കാരിയെ യൂബര്‍ ടാക്‌സി ഡ്രൈവറായ ശിവകുമാര്‍ യാദവ് കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഗുര്‍ഗാവില്‍ ജോലി ചെയ്യുന്ന യുവതി ഇന്റര്‍ലോകിലുള്ള വീട്ടിലേക്ക് പോകും വഴിയായിരുന്നു ടാക്‌സിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്.

2012-ല്‍ നടന്ന ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനെ അനുസ്മരിപ്പിക്കുന്ന കുറ്റകൃത്യമാണ് യാദവ് നടത്തിയതെന്ന് 19 പേജുള്ള വിധിന്യായത്തില്‍ കോടതി നിരീക്ഷിച്ചു. ഇരുമ്പ് കമ്പി ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഡ്രൈവര്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Top