യു.എസ് സൈനിക ഹെലികോപ്ടര്‍ ജപ്പാനില്‍ തകര്‍ന്നുവീണു

വാഷിംഗ്ടണ്‍: യു.എസ് സൈനിക ഹെലികോപ്ടര്‍ ജപ്പാനിലെ സതേണ്‍ ദ്വീപായ ഒകിനാവയില്‍ തകര്‍ന്നുവീണു. ജപ്പാന്‍ പ്രതിരോധ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹെലികോപ്ടറിലുണ്ടായിരുന്ന 17 പേരെ രക്ഷപ്പെടുത്തി. ഏഴു പേര്‍ക്ക് പരുക്കേറ്റതായും ക്യോദോ വാര്‍ത്ത ഏജന്‍സി അറിയിച്ചു. യു.എസ് സേനയുടെ ബേസ് ക്യാംപിന് സമീപമാണ് അപകടമുണ്ടായത്.

യു.എച്ച്60 ബ്ലാക്ക് ഹാക്ക് വിഭാഗത്തില്‍പെട്ട ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. ഇറാഖിലും അഫ്ഗാനിസ്താനിലും സൈനികരെ എത്തിക്കാന്‍ ഇത്തരം ഹെലികോപ്ടറുകളാണ് ഉപയോഗിച്ചിരുന്നത്.

ഒകിനാവ സംസ്ഥാനത്ത് യു.എസിന് നിരവധി ബേസ് ക്യാംപുകള്‍ ഉണ്ട്. 27,000 ഓളം ജീവനക്കാരാണ് ഇവിടെയുള്ളത്. യു.എസ്-ജപ്പാന്‍ യുദ്ധാനന്തര സഖ്യത്തെ തുടര്‍ന്നാണ് ബേസ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ ഒരു ബേസ് ക്യാംപ് കൂടി തുറക്കാനുള്ള യു.എസ് നീക്കത്തിന് ജപ്പാന്‍ അധികൃതര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

Top