യു എസ് പൗരനെ കൊലപ്പെടുത്തുമെന്ന് അല്‍ഖാഇദയുടെ വീഡിയോ ഭീഷണി

സന്‍ആ: അമേരിക്കന്‍ തടവുകാരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ യമനിലെ അല്‍ഖാഇദ പുറത്തുവിട്ടു. യമനില്‍ പിടിയിലായ തങ്ങളുടെ പൗരനെ രക്ഷപ്പെടുത്താന്‍ അമേരിക്ക ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് ഭീഷണിയുമായി അല്‍ഖാഇദ രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍,

മൂന്ന് ദിവസത്തിനകം ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുതരണമെന്ന് അല്‍ഖാഇദ അമേരിക്കയോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ അമേരിക്കന്‍ പൗരനായ ലൂക്ക് സോമോഴ്‌സിനെ കൊലപ്പെടുത്തുമെന്നും വീഡിയോയില്‍ ഉണ്ട്. 33 കാരനായ ലൂക്ക് മാധ്യമപ്രവര്‍ത്തകനാണ്. യമന്‍ തലസ്ഥാനമായ സന്‍ആയില്‍ 2013 സെപ്തംബറിലാണ് ഇദ്ദേഹത്തെ അല്‍ഖാഇദ തട്ടിക്കൊണ്ടുപോയിരുന്നത്. യമനില്‍ നിന്ന് തങ്ങളുടെ പൗരനെ രക്ഷപ്പെടുത്താന്‍ അമേരിക്ക കൂടുതല്‍ ശ്രമങ്ങള്‍ നടത്തരുതെന്ന് വീഡിയോയില്‍ ഭീഷണി മുഴക്കുന്നു.

വീഡിയോയില്‍ ലൂക്കും പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ ജീവന്‍ രക്ഷിക്കാന്‍ ഇദ്ദേഹം അമേരിക്കയോട് യാചിക്കുന്ന സന്ദേശവും വ്യക്തമാണ്. തന്റെ ജീവന്‍ അപകടത്തിലാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച, അമേരിക്കയും യമന്‍ പ്രത്യേക സുരക്ഷാ സേനയും ചേര്‍ന്ന് ഹദര്‍മൗത്തില്‍ വെച്ച് തടവുകാരനെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഈ നീക്കത്തില്‍ ആറ് യമന്‍ പൗരന്‍മാരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ലൂക്കിന് പുറമെ ബ്രിട്ടന്‍ സ്വദേശിയും പശ്ചിമാഫ്രിക്കന്‍ സ്വദേശിയും ഉള്‍പ്പെടെ അഞ്ച് പേരാണ് ഇപ്പോള്‍ അല്‍ഖാഇദയുടെ തടവിലുള്ളത്.

Top