യു.എസ് ഓപ്പണ്‍: വെല്ലുവിളികള്‍ ഇല്ലാതെ റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ കടന്നു

ന്യൂയോര്‍ക്ക്: റോജര്‍ ഫെഡറര്‍ വെല്ലുവിളികള്‍ ഇല്ലാതെ യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. എന്നാല്‍, ബ്രിട്ടന്റെ ആന്‍ഡി മറെയ്ക്ക് രണ്ടാം റൗണ്ടിന്റെ കടമ്പ കടക്കാന്‍ ഏറെ വിയര്‍ക്കേണ്ടിവന്നു. 2001ല്‍ ചാമ്പ്യനായ ഓസ്‌ട്രേലിയയുടെ ലെയ്റ്റന്‍ ഹ്യൂയിറ്റ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി.

പുരുഷ വിഭാഗത്തില്‍ വാവ്‌റിങ്കയും വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് സിമോണ ഹാലെപും അഞ്ചാം സീഡ് പെട്ര ക്വിറ്റോവയും ഇരുപതാം സീഡ് വിക്‌ടോറിയ അസരെങ്കയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

പുരുഷ വിഭാഗം രണ്ടാം സീഡായ സ്വിസ് താരം റോജര്‍ ഫെഡറര്‍ ബെല്‍ജിയത്തിന്റെ സീഡ് ചെയ്യപ്പെടാത്ത താരമായ സ്റ്റീവ് ഡാര്‍സിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 6-2, 6-1.

ഫ്രാന്‍സിന്റെ സീഡിങ്ങില്ലാത്ത താരമായ അഡ്രിയാന്‍ മന്നാരിനോയ്ക്ക് ആദ്യ രണ്ട് സെറ്റ് അടിയറവച്ച് അട്ടിമറിയുടെ വക്കിലെത്തിയശേഷമാണ് ആന്‍ഡി മറെ അത്ഭുതകരമായി തിരിച്ചുവന്നത്. സ്‌കോര്‍: 5-7, 4-6, 6-1, 6-3, 6-1.

ദക്ഷിണ കൊറിയയുടെ ഹ്യോണ്‍ ചങ്ങിനോട് നന്നായി വിയര്‍ത്തു പൊരുതിയാണ് അഞ്ചാം സീഡ് സ്റ്റാന്‍സിലാസ് വാവ്‌റിങ്കയും രണ്ടാം റൗണ്ടിന്റെ കടമ്പ കടന്നത്. മൂന്ന് സെറ്റും ടൈബ്രേക്കര്‍ വരെ നീട്ടിയാണ് ചങ് തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 7-6 (2), 7-6 (4), 7-6 (6).

വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ് യുക്രെയ്‌നിന്റെ കാതറീന ബോണ്ടറെങ്കോയെയും (6-3, 64-) അഞ്ചാം സീഡും മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യനുമായ പെട്ര ക്വിറ്റോവ അമേരിക്കയുടെ നിക്കോള്‍ ഗിബ്‌സിനെയും (6-3, 6-4) ഇരുപതാം സീഡ് വിക്‌ടോറിയ അസരങ്ക ബെല്‍ജിയത്തിന്റെ യാനിന വിക്മായറെയും (7-5, 6-4) ഇരുപത്തിരണ്ടാം സീഡ് ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസര്‍ റഷ്യയുടെ എവ്‌ജെനിയ റോഡിനയെയും (61, 61) തോല്‍പിച്ചാണ് മൂന്നാം റൗണ്ടില്‍ കടന്നത്.

Top