യു.എന്‍. രക്ഷാസമിതിയില്‍ പരിഷ്‌കരണം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

വാഷിങ്ടണ്‍: യു.എന്‍. രക്ഷാസമിതിയില്‍ പരിഷ്‌കരണം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രക്ഷാസമിതി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പരിഷ്‌കരണം വിശ്വാസ്യതയ്ക്ക് ആക്കംകൂട്ടുമെന്നും വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ മോഡി പറഞ്ഞു.

ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഹിന്ദിയിലാണ് മോദി തന്റെ ആവേശകരമായ പ്രസംഗം ആരംഭിച്ചത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പ്രഥമ പരിഗണന വേണം. സുസ്ഥിര വികസനത്തിനായി ദാരിദ്ര്യത്തെ ഇല്ലാതാക്കുകയാണ് വേണ്ടത്. രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമാണിത്.

സമാധാനത്തിനും ലോക വികസനത്തിനുമായി 2030ഓടെ ദാരിദ്ര്യത്തെ തുടച്ചുനീക്കാനുള്ള ലക്ഷ്യവുമായി നാം മുന്നോട്ട് പോകണമെന്നും മോഡി പറഞ്ഞു.

കാലവസ്ഥാ വ്യതിയാനമാണ് ലോകം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമാണ് ഇന്ത്യ നടത്തുന്നതെന്നും മോഡി വ്യക്തമാക്കി.

Top