യുവ ഡോക്ടറുടെ മരണം കൊലപാതകമോ…? ആത്മഹത്യയല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമായി പടരുന്ന നിലമ്പൂരിലെ യുവ ഡോക്ടര്‍ പി.സി ഷാനവാസ് (36)ന്റെ മരണത്തില്‍ ദുരൂഹത. അധികൃതരുടെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്‌തെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നതിനിടെയാണ് കൊലപാതക സാധ്യതയിലേക്ക് വെളിച്ചം വീശുന്ന പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ മൂക്കിലും ശ്വാസനാളത്തിലും കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍.

ബലപ്രയോഗത്തിലൂടെ ആരെങ്കിലും വായും മൂക്കും പൊത്തിപ്പിടിച്ചാലേ ഇത്തരത്തില്‍ ഛര്‍ദ്ദില്‍ അവശിഷ്ടങ്ങള്‍ മൂക്കിലും ശ്വാസനാളത്തിലും കുടുങ്ങാന്‍ സാധ്യതയുള്ളൂവെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്. ഷാനവാസിന്റെ വലതു കൈയില്‍ കുത്തിവയ്പ്പ് നടത്തിയപാടും അമിതമായി മദ്യം കഴിച്ചിരുന്നെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്.

നിലവില്‍ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരുനിഗമനത്തിലും എത്താനായിട്ടില്ലെന്നും വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോട് നിന്നും കാറില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുന്നതിനിടെയാണ് ഡോ. ഷാനവാസിന്റെ മരണം. രാത്രി ഷാനവാസിന് സീരിയസാണെന്നും എടവണ്ണ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഷാനവാസിന്റെ സുഹൃത്ത് ഫോണില്‍ വിളിച്ച് അറിയിച്ചെന്നാണ് ഷാനവാസിന്റെ പിതാവ് എടവണ്ണ പുള്ളിച്ചേലില്‍ മുഹമ്മദിന്റെ മൊഴി. രാത്രി 11.45ന് എടവണ്ണ ആശുപത്രിയിലെത്തിയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ അരമണിക്കൂര്‍ മുന്‍പ് ഷാനവാസ് മരിച്ചതായി അറിയിച്ചെന്നും തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് 14ന് പുലര്‍ച്ചെ 1.45ന് മുഹമ്മദ് എടവണ്ണ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്.

എന്നാല്‍ ഷാനവാസിന്റെ വടപുറത്തെ വീടിനടുത്തെത്തിയപ്പോള്‍ വിളിച്ചിട്ടും എണീറ്റില്ലെന്നും ഉടന്‍ എടവണ്ണയിലെ ആശുപത്രിയിലെത്തിച്ചെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. വടപുറത്ത് നിന്നും ഒരു കിലോ മീറ്റര്‍ മാത്രമേ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ളൂ. അവിടെ കൊണ്ടുപോകാതെ 10 കിലോ മീറ്റര്‍ അകലെയുള്ള കാര്യമായ സൗകര്യങ്ങളൊന്നുമില്ലാത്ത സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയതിലും അസ്വാഭാവികത ഉയര്‍ന്നിട്ടുണ്ട്.

മരണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ അധികാരികളുടെ പീഡനത്താല്‍ പാവങ്ങളുടെ ഡോക്ടര്‍ ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധം ഉയര്‍ത്തിയത് ബോധപൂര്‍വ്വമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതക സാധ്യതയും മരണത്തിലെ ദുരൂഹതയും മറച്ചുവയ്ക്കാന്‍ ഏതെങ്കിലും ഇടപെടലുകള്‍ നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.
ഡോക്ടറും സംഘവും കോഴിക്കോട്ട് എവിടെ പോയി മടങ്ങുകയായിരുന്നെന്ന വ്യക്തമായ വിവരവും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

കരുളായി, വണ്ടൂര്‍ പിഎച്ച്‌സികളില്‍ ജോലിചെയ്തിരുന്ന ഷാനവാസിനെ ആറു മാസം മുന്‍പ് പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും അടുത്തിടെ ശിരുവാണിയിലേക്കും മാറ്റിയിരുന്നു. തിരുവനന്തപുരത്ത് ആരോഗ്യ ഡയറക്ടറുടെ ഹിയറിങിന് ശേഷവും നാട്ടിലേക്ക് നിയമനം നല്‍കാത്തതിനാല്‍ ഷാനവാസ് അവധിയിലായിരുന്നു. തന്റെ സ്ഥലംമാറ്റത്തിനെതിരെ അധികാരികള്‍ക്കെതിരെ ഷാനവാസ് നേരത്തെ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നത്.

സാധാരണഗതിയില്‍ അസ്വാഭാവികമായ രീതിയില്‍ ഒരു മരണം നടന്നാല്‍ അക്കാര്യമാണ് ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചചെയ്യപ്പെടാറെന്നിരിക്കെ ഫെയ്‌സ്ബുക്ക് പ്രതിഷേധത്തെ വഴിതിരിച്ച് വിടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. മരണത്തിലെ ദുരൂഹത മാറ്റി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Top