യുവേഫ സൂപ്പര്‍ കപ്പ് കിരീടം ബാര്‍സലോണ സ്വന്തമാക്കി

ടിബിലിസ്: യുവേഫ സൂപ്പര്‍ കപ്പ് ബാഴ്‌സലോണ സ്വന്തമാക്കി. സൂപ്പര്‍ കപ്പില്‍ സെവിയ്യയെയാണ് ബാഴ്‌സ തറപറ്റിച്ചത്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്‌സലോണയും യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയും ഏറ്റുമുട്ടിയ അങ്കത്തില്‍ ജയം ബാഴ്‌സയക്കൊപ്പമായിരുന്നു. ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. ജയത്തോടെ സീസണിലെ ആദ്യ മേജര്‍ കിരീടം ബാഴ്‌സ കൈയ്യിലാക്കി.

ആദ്യ 15 മിനിറ്റിനിടെ തന്നെ മൂന്ന് ഗോളുകള്‍ വീണ മത്സരത്തിലുടനീളം ആവേശം നിറഞ്ഞുനിന്നു. മൂന്നാം മിനിറ്റില്‍ തന്നെ എവര്‍ ബനേഗയുടെ ഗോളിലൂടെ മുന്നിലെത്തിയ സെവിയ്യക്ക് ഏഴാം മിനിറ്റിലും 15ാം മിനിറ്റിലും ഗോള്‍ നേടി ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി മറുപടി നല്‍കി.

ഇടവേളയ്ക്ക് തൊട്ടുമുമ്പ് 44ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെ ബാഴ്‌സ ലീഡുയര്‍ത്തി. 52ാം മിനിറ്റില്‍ സുവാരസിലൂടെ ഗോള്‍ നേട്ടം നാലാക്കിയതോടെ ബാഴ്‌സ ജയമുറപ്പിച്ചു. എന്നാല്‍ പിന്നീട് ഉണര്‍ന്നു കളിച്ച സെവിയ്യ ബാഴ്‌സയുടെ ലോകോത്തര നിരയെ കാഴ്ചക്കാരാക്കി കളിയവസാനിക്കും മുമ്പ് സമനില പിടിച്ചു.

റേയസിലൂടെ (57ാം മിനിറ്റ്) രണ്ടാം പകുതിയിലെ ആദ്യ ഗോള്‍ നേടിയ സെവിയ്യയ്ക്കായി 72ാം മിനിറ്റില്‍ ഗമെയ്‌റോ പെനാല്‍റ്റിയിലൂടെ മൂന്നാം ഗോള്‍ നേടി. 81ാം മിനിറ്റില്‍ കോന്യോപ്ലാങ്ക കൂടി സ്‌കോര്‍ ചെയ്തതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി.

അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ 115ാം മിനിറ്റില്‍ പെഡ്രോയാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. ബാഴ്‌സയില്‍ അവസരം കുറവായതിനാല്‍ മാഞ്ചസ്റ്ററിലേക്ക് പെഡ്രോ ചെക്കേറുമെന്ന വാര്‍ത്തകള്‍ക്കിടെ നേടിയ ഗോളിന് ഇരട്ടിമധുരം. രണ്ടാമതോരു സൂപ്പര്‍ കപ്പ് കിരീടമെന്ന സ്വപ്നവുമായെത്തിയ സെവിയ്യക്കുമേല്‍ ബാവ്‌സയുടെ അഞ്ചാം യുവേഫ സൂപ്പര്‍ കപ്പ് കിരീടം.

Top