യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡ് സെമിയില്‍

മാന്‍ഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കൊ മാഡ്രിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സെമി ഫൈനലിലെത്തി. ഏകപക്ഷീയമായ ഒരുഗോളിനാണ് റയലിന്റെ സെമി പ്രവേശനം.

ആദ്യ പകുതിയില്‍ അത്‌ലറ്റിക്കോയുടെ പ്രതിരോകോട്ട തകര്‍ക്കാന്‍ റയല്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 76 ആം മിനിറ്റില്‍ റാമോസിനെ വീഴ്ത്തിയ അര്‍ദാന്‍ തുറാന് രണ്ടാം മഞ്ഞക്കാര്‍ഡ് പുറത്തേക്കുള്ള വഴിതുറന്നു. പത്തുപേരായി ചുരുങ്ങിയ അത്‌ലറ്റിക്കൊ മാഡ്രിഡിന്റെ കോട്ട 88ആം മിനിറ്റില്‍ മെക്‌സിക്കന്‍ താരം ഹെര്‍ണാണ്ടസ് പൊളിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാസില്‍ നിന്ന് ഗോള്‍.

മൊണാക്കോയ്‌ക്കെതിരെ ആദ്യപാദ ക്വാര്‍ട്ടറിലെ ഒരുഗോള്‍ ജയത്തിന്റെ പിന്‍ബലത്തില്‍ യുവന്റസും അവസാന നാലിലെത്തി .ഫ്രഞ്ച് ടീമായ മൊണാക്കോ, ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെ രണ്ടാംപാദ ക്വാര്‍ട്ടറില്‍ ഗോള്‍ഹിത സമനിലയില്‍ തളച്ചെങ്കിലും ആദ്യ പാദത്തിലെ ഏകപക്ഷീയമായ ഒരുഗോളിന്റെ ജയവുമായി യുവന്റസ് സെമിയിലെത്തി. നാളെയാണ് സെമിഫൈനല്‍ ലൈനപ്പ് തീരുമാനിക്കുന്ന നറുക്കെടുപ്പ്.

Top