യുവേഫ ചാംപ്യന്‍സ് ലീഗ്: യുവന്റന്‍സിനെ തകര്‍ത്ത് ബാഴ്‌സലോണ ചാമ്പ്യന്മാര്‍

ബെര്‍ലിന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബായ യുവന്റന്‍സിനെ തോല്‍പ്പിച്ചു. സാവി – ഇനിയസ്റ്റ മാജിക്കിന് മറ്റൊരു ചാംപ്യന്‍സ് ലീഗ് കിരീടത്തോടെ വിട. ബാഴ്‌സലോണയ്ക്കുവേണ്ടി യുവതാരം ഇവാന്‍ റാക്ടിക്, ലൂയിസ് സുവാരസ്, നെയ്മര്‍ എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ മൊറാട്ടയുടെ വകയായിരുന്നു യുവന്റന്‍സിന്റെ മറുപടി ഗോള്‍. അഞ്ചാം ചാപ്യന്‍സ് ലീഗ് കിരീടമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ഈ സിസണില്‍ സ്പാനിഷ് ലീഗും ലീഗ് കപ്പും നേടി ട്രിപ്പിള്‍ തികച്ച ബാഴ്‌സലോണ, ഈ നേട്ടം കൈവരിക്കുന്നത് രണ്ടാം തവണയാണ്.

ഗോള്‍ നേടാനായില്ലെങ്കിലും തകര്‍പ്പന്‍ പ്രകടനവുമായി കളം നിറഞ്ഞ സൂപ്പര്‍താരം ലയണല്‍ മെസി തന്നെയായിരുന്നു ബാഴ്‌സയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതും. ബാഴ്‌സ നേടിയ രണ്ടു ഗോളുകളും പിറന്നത് മെസിയുടെ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ക്കൊടുവിലായിരുന്നു. സ്വപ്നസമാനമായ തുടക്കത്തോടെയാണ് ബെര്‍ലിനിലെ കളിത്തട്ടില്‍ ബാഴ്‌സ പന്തുതട്ടി തുടങ്ങിയത്. മെസി-നെയ്മര്‍-ഇനിയസ്റ്റ കൂട്ടുകെട്ട് നടത്തിയ ഗംഭീരമായ ഒരു നീക്കത്തിനൊടുവിലായിരുന്നു. ഒടുവില്‍ പന്ത് കിട്ടിയ റാക്ടിക്കിന് പിഴച്ചില്ല.

ഗോള്‍ വീണതോടെ ബാഴ്‌സലോണയുടെ ആക്രമണനിര ഇരമ്പിയാര്‍ത്തു. ഈ സീസണില്‍ ബാഴ്‌സ വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച എംഎസ്എന്‍ സഖ്യം(മെസി-സുവാരസ്-നെയ്മര്‍) ഇറ്റാലിയന്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ആന്ദ്രേ പിര്‍ലോ മെനഞ്ഞെടുത്ത നീക്കങ്ങളിലൂടെ യുവന്റന്‍സ് പ്രത്യാക്രമണങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ലക്ഷ്യംബോധം കുറവായിരുന്നു. ഒടുവില്‍ ബാഴ്‌സലോണയുടെ ഒരു ഗോള്‍ ലീഡോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാംപകുതിയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായാണ് യുവന്റന്‍സ് കളിക്കാനിറങ്ങിയത്. നീക്കങ്ങള്‍ക്ക് ഒത്തിണക്കവുമുണ്ടായിരുന്നു. അധികം വൈകാതെ അമ്പത്തിയഞ്ചാം മിനിട്ടില്‍ ഒരു റീബൗണ്ടിലൂടെ മൊറാട്ട ബാഴ്‌സയുടെ വല കുലുക്കിയപ്പോള്‍ ഗ്യാലറിയിലെ കറ്റാലന്‍ ആരാധകര്‍ ഞെട്ടിത്തരിച്ചുപോയി. ഗോള്‍ തിരിച്ചടിച്ചതോടെ യുവന്റന്‍സ് ആക്രമണം ശക്തമാക്കി. നിരന്തരം ബാഴ്‌സയുടെ ഗോള്‍മുഖത്ത് അവര്‍ കയറിയിറങ്ങി. എന്നാല്‍ ബാഴ്‌സ പ്രതിരോധം പിഴവുകള്‍ വരുത്താതെ കോട്ട കാത്തു.

അറുപത്തിയെട്ടാം മിനിട്ടില്‍ മെസി നടത്തിയ തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവില്‍ സുവാരസ് ലക്ഷ്യം കണ്ടതോടെയാണ് ബാഴ്‌സലോണ വിജയമുറപ്പാക്കിയത്. യുവന്റന്‍സ് ഡിഫന്‍ഡര്‍മാരെ മറികടന്നു മെസി നിറയൊഴിച്ചെങ്കിലും യുവന്റന്‍സ് കീപ്പര്‍ ബഫണ്‍ പന്തു തട്ടിയകറ്റി. റീബൗണ്ട് ചെയ്‌തെട്ടിയ പന്ത് പറന്നെത്തിയ സുവാരസ് പിഴവ് കൂടാതെ വലയിലാക്കുകയായിരുന്നു. തൊട്ടടുത്ത മിനിട്ടില്‍ സുവാരസ് മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു. എഴുപത്തിരണ്ടാം മിനിട്ടില്‍ നെയ്മര്‍ ഗോള്‍ നേടിയെങ്കിലും റഫറി ഇത് അനുവദിച്ചില്ല. അവസാന നിമിഷങ്ങളില്‍ യുവന്റന്‍സ് ഗോള്‍ മടക്കാന്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും കളിയുടെ അവസാന നിമിഷം നെയ്മര്‍ നേടിയ ഗോളിലൂടെ ബാഴ്‌സലോണ ഗംഭീരവിജയത്തോടെ കിരീടം സ്വന്തമാക്കുകയായിരുന്നു.

Top