യുവാക്കളെ ഇളക്കി മറിച്ച് താരറാണി; വിവാദ പരാമര്‍ശം ആയുധമാക്കി പ്രതിപക്ഷം രംഗത്ത്‌

തിരുവനന്തപുരം: വിവാഹപൂര്‍വ ബന്ധത്തെ അനുകൂലിച്ച് രംഗത്ത് വന്ന് വിവാദ നായികയായി മാറിയ ഗ്ലാമര്‍ താരം ഖുശ്ബുവിനെ പ്രചാരണ രംഗത്തിറക്കിയ യുഡിഎഫ് വെട്ടിലായി.

ശബരീനാഥിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് അരുവിക്കരയിലിറങ്ങിയ പ്രസിദ്ധ സിനിമാ താരവും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബുവിന്റെ മുന്‍ ‘വിവാദ പരാമര്‍ശം’ പ്രതിപക്ഷം ഇപ്പോള്‍ തെരഞ്ഞെടുപ്പ് പചരണായുധമാക്കിയിരിക്കുകയാണ്.

വിവാഹപൂര്‍വ ബന്ധത്തെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്ന ഖുശ്ബുവിന്റെ നടപടി തമിഴ് നാട്ടില്‍ വലിയ പ്രക്ഷോഭത്തിന് തന്നെ കാരണമായിരുന്നു. നേരത്തെ താരാരാധന അതിര് കടന്നപ്പോള്‍ ആരാധകര്‍ തമിഴ്‌നാട്ടില്‍ ഖുശ്ബുവിനായി ക്ഷേത്രം പണിതതും വലിയ കോലാഹലങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. ക്ഷേത്രം പൊളിച്ച് മാറ്റിയതിന് ശേഷമാണ് വിവാദം ശമിച്ചിരുന്നത്.

മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി സിനിമകളിലടക്കം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഖുശ്ബു മലയാളികള്‍ക്കും സുപരിചിതയാണ്. പ്രശസ്ത തമിഴ് നടന്‍ പ്രഭുവുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം സംവിധായകന്‍ സുന്ദര്‍സിയെയാണ് ഖുശ്ബു വിവാഹം കഴിച്ചത്.

ഡിഎംകെയില്‍ സുപ്രധാന പദവി വഹിച്ച ഖുശ്ബു കരുണാനിധിയോട് വിടപറഞ്ഞാണ് കോണ്‍ഗ്രസില്‍ ചേക്കേറിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ മുഖ്യ പ്രചാരകയായിരുന്ന അവര്‍ നൂറ് കണക്കിന് പൊതു യോഗങ്ങളില്‍ പ്രസംഗിച്ചിട്ടും റോഡ് ഷോ നടത്തിയിട്ടും വിജയം ജയലളിതയുടെ അണ്ണാ ഡിഎംകെക്ക് തന്നെയായിരുന്നു.

പ്രതിപക്ഷം പോലും ആക്കാതെ ഡിഎംകെയെ നിലംപരിശാക്കിയാണ് ബഹുഭൂരിപക്ഷം സീറ്റുകളിലും അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. നടന്‍ വിജയകാന്തിന്റെ ഡിഎംഡികെയാണ് ഇപ്പോള്‍ മുഖ്യ പ്രതിപക്ഷം. പ്രതിപക്ഷ നേതാവും വിജയകാന്ത് തന്നെ. ഇക്കാര്യങ്ങളും ഓര്‍മ്മപ്പെടുത്തിയാണ് പ്രതിപക്ഷ പ്രചാരണം.

കുടുംബ ബന്ധങ്ങള്‍ക്കും ഭാര്യ-ഭര്‍തൃ ബന്ധത്തിനും വലിയ ആദരവും പരിഗണനയും കൊടുക്കുന്ന സാംസ്‌കാരിക കേരളം മലയാളിക്ക് ‘അന്യമായ’ ജീവിത രീതിയെ പ്രണയിക്കുന്ന ഖുശ്ബുവിന്റെ ‘തനിനിറം’ തിരിച്ചറിയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍ ഷംസീര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ സിനിമാതാരം എന്ന നിലക്ക് മാത്രമല്ല കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് എന്ന നിലയില്‍ കൂടിയാണ് ഖുശ്ബു പ്രചാരണത്തില്‍ പങ്കെടുക്കുന്നതെന്നും കഴിഞ്ഞകാല നിലപാടുകള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.

Top