യുവാക്കളുടെ അപകടമരണം; ആശുപത്രിയില്‍ എത്തിയപ്പോള്‍ മുറിവുകളുടെ എണ്ണം കൂടി, അവയവ തട്ടിപ്പോ?

പൊന്നാനി: പൊന്നാനി പെരുമ്പടവിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ സംശയം ശക്തമാകുന്നു. അവയവ തട്ടിപ്പ് മാഫിയ യുവാക്കളെ കൊലപ്പെടുത്തി എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. മരിച്ച നജീബുദ്ദീന്റെ പിതാവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പാണ് തൃശൂര്‍ ചാവക്കാട് സ്വദേശികളായ നജീബുദ്ദീന്‍, സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ് എന്നിവര്‍ മരിച്ചത്. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുകയാണ്. ഇതിനിടയിലാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സംശയവുമായി വീട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നജീബുദ്ദീന്‍ അപകടത്തിന് ശേഷം മൂന്നാം ദിവസമാണ് മരണപ്പെട്ടത്. ഈ സമയം കഴുത്തിലും വയറിന്റെ ഇരുവശങ്ങളിലുമായി എട്ടിടങ്ങളില്‍ ഇയാളുടെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. മാത്രമല്ല ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളും ചിത്രങ്ങളിലെ വൈരുദ്ധ്യവും കൂടുതല്‍ സംശയത്തിന് വഴിവെച്ചു.

നിയന്ത്രണം വിട്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം സംഭവിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതോടെ പൊലീസ് അന്വേഷണം അവസാനിച്ചു. എന്നാല്‍ അപകട സമയത്ത് ശരീരത്തില്‍ ഇല്ലാതിരുന്ന മുറിവുകള്‍ പിന്നീട് കണ്ടെത്തിയതോടെ യുവാക്കളുടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നു.

ഒപ്പം ഉണ്ടായിരുന്ന വാഹിദിന്റ ഇരു കൈകളിലും കഴുത്തിലും കെട്ട് മുറുകിയ തരത്തില്‍ പാടുകള്‍ ഉണ്ടായിരുന്നതായും ആശുപത്രി അധികൃതരില്‍ നിന്ന് വീഴ്ച ഉണ്ടായതായും പറയപ്പെടുന്നു. സംഭവത്തില്‍ നജീബുദ്ദീന്റെ പിതാവ് ഉസ്മാന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

Top