യുവമോര്‍ച്ച നേതാവിന്റെ വീട്ടിലെ കള്ളനോട്ടടി; ഒരാള്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

ഒളരി സ്വദേശി അലക്‌സാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി രാജീവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളാണ് അലക്‌സ്.

അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയാണ്. അതിനിടെ, രണ്ടാം പ്രതി രാജീവിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം ഇന്ന് കൊടുങ്ങല്ലൂര്‍ കോടതി പരിഗണിക്കും. കള്ളനോട്ടടിക്കാന്‍ പ്രിന്റര്‍ വാങ്ങിയത് രാജീവാണ്. ഇയാളുടെ സഹോദരനും ഒന്നാം പ്രതിയുമായ രാഗേഷ് നേരത്തേ അറസ്റ്റിലായിരുന്നു. രാഗേഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടുകളും കണ്ടെത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണു പിടികൂടിയത്. ഈ കള്ളനോട്ടുകളുപയോഗിച്ച് ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയതായും സൂചനയുണ്ട്. രാഗേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ഫോട്ടോസ്റ്റാറ്റ് മെഷീനും നോട്ടടിക്കുന്ന കടലാസുമെല്ലാം പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Top