യുദ്ധ വിമാനങ്ങള്‍ പറത്താന്‍ സ്ത്രീകള്‍ക്കും അവസരം നല്‍കും: ചീഫ് മാര്‍ഷല്‍ ആരൂപ് റാഹ

ന്യൂഡല്‍ഹി : യുദ്ധ വിമാനങ്ങള്‍ പറത്താന്‍ സ്ത്രീകള്‍ക്കും അവസരം നല്‍കുമെന്ന്  ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ചീഫ് മാര്‍ഷല്‍ ആരൂപ് റാഹ. എയര്‍ഫോഴ്‌സിന്റെ 83ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ചീഫ് മാര്‍ഷല്‍ ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്ക് സൈന്യത്തില്‍ നിര്‍ണായകസ്ഥാനങ്ങള്‍ നല്‍കണമെന്ന ആവശ്യത്തെ സര്‍ക്കാരിനൊപ്പം താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

പോരാളി പൈലറ്റുകളാകാന്‍ സ്ത്രീകള്‍ ശാരീരികമായും മാനസികമായും സജ്ജരല്ലെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ഷല്‍ അഭിപ്രായപ്പെട്ടിരുന്നു. യുദ്ധ വിമാനങ്ങള്‍ പറത്തുന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണെന്നും സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ ദീര്‍ഘനേരം വിമാനങ്ങള്‍ പറത്താന്‍ തടസ്സമാകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

പട്ടാളത്തിലും വ്യോമസേനയിലും ഉള്ള സ്ത്രീകള്‍ക്ക് നിര്‍ണായക ചുമതലകള്‍ നല്‍കണമെന്നും സര്‍ക്കാരില്‍ നിന്ന് നിലവിലുള്ളതിനേക്കാള്‍ മികച്ച അംഗീകാരം അര്‍ഹിക്കുന്നവരാണെന്ന് 2010ല്‍ ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ഹെലികോപ്റ്ററുകളും വനിതാ പൈലറ്റുമാര്‍ നിയന്ത്രിക്കുന്നുണ്ട്.  എന്നാല്‍ യുദ്ധവിമാനങ്ങളില്‍ വനിതാ പൈലറ്റുമാരെ നിയമിക്കുന്നതിന് വ്യോമസേനയുടെ അനുമതി ഉണ്ടായിരുന്നില്ല.

Top