യുഡിഎഫിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്‌ വിഎസ് അച്യുതാനന്ദന്റെ കടന്നാക്രമണം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും കനത്ത പ്രഹരമേല്‍പ്പിച്ചത് വിഎസ് അച്യുതാനന്ദന്റെ പടയോട്ടം.

പതിനായിരങ്ങളെ ഇളക്കിമറിച്ച് ’93 ന്റെ പരിമിതി’ മറികടന്ന് വിഎസ് നടത്തിയ തേരോട്ടമാണ് യുഡിഎഫ് കേന്ദ്രങ്ങളെ കടപുഴക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

എസ്എന്‍ഡിപി യോഗം ബിജെപി കൂട്ടുകെട്ടിനെതിരെ ശക്തമായി ആക്രമണം അഴിച്ചുവിട്ട വിഎസിന്റെയും സിപിഎമ്മിന്റെയും പ്രചാരണം ന്യൂനപക്ഷ ജനവിഭാഗങ്ങളെ സ്വാധീനിച്ചതായാണ് തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

news1

വെള്ളാപ്പള്ളിയോട് മൃദുസമീപനം സ്വീകരിച്ച് ബിജെപിയെ എതിര്‍ത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും നടപടി ന്യൂനപക്ഷങ്ങളില്‍ സംശയം ജനിപ്പിച്ചതും യുഡിഎഫിന്റെ തിരിച്ചടിക്ക് പ്രധാന കാരണമാണ്.

വര്‍ഗ്ഗീയതക്കെതിരായ പോരാട്ടത്തിന് കേരളത്തില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ പ്രതീക്ഷയോടെ കാണുന്നത് ഇടതുപക്ഷത്തെയാണെന്നതിന്റെ സൂചനയായാണ് തദ്ദേശവിധി വിലയിരുത്തപ്പെടുന്നത്.

പ്രതിപക്ഷത്തിന്റെ വോട്ടുകള്‍ ഭിന്നിക്കുന്നതിലൂടെ നേട്ടം കൊയ്യാമെന്ന കോണ്‍ഗ്രസ്സ് പ്രതീക്ഷയാണ് ഇവിടെ തകിടം മറിഞ്ഞത്.

പാര്‍ട്ടിയുടെ ശക്തിയായ പിന്നോക്ക വോട്ടുകള്‍ എസ്എന്‍ഡിപി യോഗം കൂട്ടുകെട്ടിന് പോവാതെ കാക്കാനും സിപിഎമ്മിന് കഴിഞ്ഞു.

news2

വെള്ളാപ്പള്ളിക്കും കുടുംബത്തിനുമെതിരെ വിഎസ് ഉയര്‍ത്തിയ മൈക്രോഫിനാന്‍സ് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ വെള്ളാപ്പള്ളി വിരുദ്ധ വികാരം ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്.

ഹരിയാനയില്‍ ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവവും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സിപിഎമ്മും വിഎസും ഫലപ്രദമായി ഉയര്‍ത്തിയിരുന്നു.

ബീഫ് വിവാദത്തില്‍ യുപിയില്‍ അടക്കം ആളുകളെ തല്ലിക്കൊല്ലുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്ത സംഭവങ്ങള്‍ മതന്യൂനപക്ഷങ്ങളില്‍ ഉയര്‍ന്ന ആശങ്ക തങ്ങള്‍ക്കനുകൂലമായി വോട്ടാക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു.

news3

പശു മാതാവാണെങ്കില്‍ കാള ആരാണെന്ന വിഎസിന്റെ തനത് ശൈലിയിലുള്ള ആക്രമണമാണ് ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് ഏറെ സഹായകരമായത്.

എസ്എന്‍ഡിപി യോഗം ബിജെപി കൂട്ടുകെട്ടിന്റെ യുക്തി തന്നെ ചോദ്യം ചെയ്ത് ശ്രീനാരായണീയരില്‍ ആശയക്കുഴപ്പമുണ്ടാക്കാനും വിഎസിന്റെ പ്രചരണത്തിന് കഴിഞ്ഞു.

വെള്ളാപ്പള്ളിയുടെ കേമം കൊണ്ടല്ല മറിച്ച് ബിജെപിക്ക് കുറച്ചെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തില്‍ നടത്തിയ പ്രവര്‍ത്തനം കൊണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

vss

ഉടനെ തന്നെ നിയസഭാ തിരഞ്ഞെടുപ്പിലേക്ക് പോവുന്നതിനാല്‍ യുഡിഎഫിന് ഇപ്പോഴത്തെ നിലപാടുമായി മുന്നോട്ടു പോകാന്‍ പറ്റില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പ് വിധി. സിപിഎം ആകട്ടെ വി എസിനെയും പിണറായിയേും ഒരുമിച്ച് രംഗത്തിറക്കി അധികാരം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Top