യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഡിപിഐ ഉത്തരവ്

തിരുവനന്തപുരം: യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലിട്ട സംഭവത്തില്‍ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഡിപിഐയുടെ ഉത്തരവ്. കഴിഞ്ഞ 20 വര്‍ഷമായി സ്‌കൂള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം കടുത്ത നിയമലംഘനമാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സ്‌കൂളിന് പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യമില്ലെന്നും അംഗീകാരമുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 150 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഇത്രയും കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം പോലും സ്‌കൂളിലില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

കുടപ്പനിക്കുന്നിലെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. അടുത്തിരുന്ന കുട്ടിയോട് സംസാരിച്ചതിനാണ് കുട്ടിയെ മൂന്ന് മണിക്കൂറോളം പട്ടിക്കൂട്ടില്‍ അടച്ചതെന്നാണ് ആരോപണം. സംഭവത്തെത്തുടര്‍ന്ന് മാനസികസമ്മര്‍ദ്ദം നേരിട്ട കുട്ടിയോട് വീട്ടുകാര്‍ കൂടുതല്‍ വിവരങ്ങളാരായുകയായിരുന്നു.

ഇതേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ സഹോദരിയാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. നടപടി ചോദ്യം ചെയ്ത സഹോദരിയെയും അധ്യാപകര്‍ ശകാരിച്ചു. പരാതിയെത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയുടെ ക്ലാസ് ടീച്ചറെയും പ്രതിയാക്കി കേസെടുത്തു.

അതേസമയം, കേസ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി വി. ശിവന്‍കുട്ടി എംഎല്‍എ ആരോപിച്ചു. കുട്ടിയെ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടയില്‍ സ്‌കൂളിനെതിരെ ആരോപണവുമായി കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്തെത്തി. ജാതി അടിസ്ഥാനത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നതായുള്ള ആരോപണമാണ് രക്ഷിതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്.

Top