യുഎസ് വ്യോമാക്രമണം ഭീകരവാദികളെ തളര്‍ത്തിയിട്ടില്ല : കരുത്തു കൂടി

ബെയ്‌റൂട്ട്: യുഎസ് നേതൃത്വത്തിലുള്ള വ്യോമാക്രമണം സിറിയയിലുള്ള ഐഎസ് ഭീകരരെ ഒരു തരത്തിലും തളര്‍ത്തിയിട്ടില്ലെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് അല്‍ മൗലം. സിറിയയുമായി 900 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയോട് അവരുടെ അതിര്‍ത്തികളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ യുഎസ് ആവശ്യപ്പെടണമെന്നും സിറിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

യുഎസ് നേതൃത്വത്തിലുള്ള വ്യോമാക്രമണത്തില്‍ പങ്കാളിയാകുവാന്‍ സിറിയ തയാറാണെന്നും വാലിദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഐഎസിനെതിരെയുള്ള വ്യോമാക്രമണം തുടങ്ങിയ സമയം മുതലുള്ള സിറിയയുടെ ഈ ആവശ്യം യുഎസ് അംഗീകരിച്ചിട്ടില്ല. സിറിയന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസദുമായി യുഎസിനുള്ള വിരോധമാണ് ഇതിന് കാരണം.

സിറിയന്‍ വിമതരെ സഹായിക്കുന്ന നിലപാടാണ് തുര്‍ക്കി സ്വീകരിക്കുന്നതെന്നും വാലിദ് കുറ്റപ്പെടുത്തി. ബേറുട്ട് ആസ്ഥാനമായ അല്‍- മയദീന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിറയന്‍ വിദേശകാര്യമന്ത്രി യുഎസ് നേതൃത്വത്തില്‍ ഐഎസിനെതിരെ നടക്കുന്ന വ്യോമാക്രമണം പാഴ്‌വേലയാണെന്ന് പറഞ്ഞത്.

Top