യുഎസ് മേജര്‍ ലീഗില്‍ കളിക്കാന്‍ ചെല്‍സി താരം ദിദിയര്‍ ദ്രോഗ്‌ബെ

ലണ്ടന്‍: ഫ്രാങ്ക് ലംപാര്‍ഡ്, സ്റ്റീവന്‍ ജെറാര്‍ഡ് എന്നിവര്‍ക്കു പിന്നാലെ താനും യുഎസില്‍ കളിക്കാന്‍ തയാറെടുക്കുന്നതായി ചെല്‍സി താരം ദിദിയര്‍ ദ്രോഗ്‌ബെ വ്യക്തമാക്കി. കഴിഞ്ഞദിവസം ചെല്‍സിക്കായി അവസാന മത്സരം കളിച്ച ഈ ഐവറി കോസ്റ്റ് താരം ഒരു സീസണില്‍ കൂടി കളത്തില്‍ കാണുമെന്നു വ്യക്തമാക്കിയിരുന്നു.

ചെല്‍സിയെയും അവിടുത്തെ സുഹൃത്തുക്കളെയും ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഇനിയൊരു ഇംഗ്ലീഷ് ക്ലബിനായി കളിക്കില്ല; നിരവധി വിളികള്‍ വരുന്നുണ്ടെങ്കിലും. യുഎസില്‍ നിന്നും ചില ക്ലബുകള്‍ ബന്ധപ്പെട്ടിരുന്നു. കാര്യങ്ങള്‍ ഒത്തുവന്നാല്‍ അടുത്ത സീസണ്‍ യുഎസിലായിരിക്കും- ദ്രോഗ്‌ബെ നയം വ്യക്തമാക്കി.

യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ നല്ല കാലം കഴിഞ്ഞവരുടെയെല്ലാം നോട്ടം ഇപ്പോള്‍ യുഎസ് മേജര്‍ ലീഗിലേക്കാണ്. ദ്രോഗ്‌ബെയുടെ ചെല്‍സിയിലെ മുന്‍ ടീം മേറ്റായിരുന്ന ഫ്രാങ്ക് ലംപാര്‍ഡ് ന്യൂയോര്‍ക്ക് സിറ്റിക്കായും ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡ് ലോസ് ആഞ്ചലസ് ഗ്യാലക്‌സിക്കായും അടുത്ത സീസണില്‍ കളിക്കാന്‍ കരാറായിരുന്നു.

Top