യുഎസ് ക്യൂബയ്ക്ക് കോടികളുടെ നഷ്ടപരിഹാരം നല്‍കണമെന്ന് ഫിദല്‍ കാസ്‌ട്രോ

ഹവാന: 89ാം പിറന്നാല്‍ ദിനത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോ. അരനൂറ്റാണ്ട് കാലം ക്യൂബയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്ന് ക്യൂബന്‍ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ കാസ്‌ട്രോ പറഞ്ഞു. ക്യൂബയിലെ അമേരിക്കന്‍ എംബസി ഇന്ന് വീണ്ടും തുറക്കാനിരിക്കെയാണ് കാസ്‌ട്രോയുടെ വിമര്‍ശനം.

ക്യൂബന്‍ ജനതയക്ക് എഴുതിയ തുറന്ന കത്തിലാണ് ഫിദല്‍ കാസ്‌ട്രോ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ചത്. ഉപരോധ ഫലമായി ക്യൂബക്ക് സംഭവിച്ച നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി കോടികളുടെ നഷ്ടപരിഹാരം അമേരിക്ക നല്‍കാനുണ്ടെന്നും ഐക്യരാഷ്ട്രസഭയില്‍ ഇതിന്റെ കണക്കുകള്‍ രാജ്യം നിരവധി തവണ ഉന്നയിച്ചിട്ടുണ്ടെന്നും ലേഖനത്തില്‍ കാസ്‌ട്രോ പറയുന്നു.

ഫിദല്‍ കാസ്‌ട്രോ അധികാരത്തില്‍ വന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1962 ലാണ് ക്യൂബയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് അമേരിക്ക ഹവാനയിലെ എംബസി അടച്ചു പൂട്ടിയത്. ഈ വര്‍ഷം ആദ്യം ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് വീണ്ടും നയതന്ത്രബന്ധം പൂര്‍വ്വസ്ഥിതിയില്‍ ആയത്.

Top