യുഎസില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി

അറ്റ്‌ലാന്‍ഡ: യുഎസില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി. കെല്ലി ഗിസന്‍ഡാനര്‍ എന്ന വനിതയെയാണ് വിഷമരുന്നു കുത്തിവച്ചു വധശിക്ഷ നടപ്പാക്കിയത്. കുത്തിവയ്ക്കാനുള്ള വിഷമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലവും മറ്റും നേരത്തെ രണ്ടു തവണ മാറ്റിവച്ച ശേഷമാണ് ജോര്‍ജിയയിലെ ജയിലില്‍ സെപ്റ്റബര്‍ 30ന് ശിക്ഷ നടപ്പാക്കിയത്. 70വര്‍ഷത്തിനുള്ളില്‍ ജോര്‍ജിയയില്‍ വധശിക്ഷയ്ക്കു വിധേയയാവുന്ന ആദ്യ വനിതയാണ് കെല്ലി.

കെല്ലിയുടെ അഭിഭാഷകര്‍ സമര്‍പ്പിച്ച മൂന്ന് അപ്പീലുകളും സുപ്രീംകോടതി തള്ളി. കഴിഞ്ഞ ദിവസം സമാപിച്ച യുഎസ് പര്യടനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ വധശിക്ഷയ്‌ക്കെതിരെയുള്ള തന്റെ നിലപാടു വ്യക്തമാക്കിയിരുന്നു. കെല്ലിക്ക് വധശിക്ഷ ഒഴിവാക്കി നീതിയും ദയയും ഒരുമിച്ചു നിറവേറ്റുന്ന, കാഠിന്യം കുറഞ്ഞ ശിക്ഷ നല്‍കണമെന്നു മാര്‍പാപ്പയുടെ യുഎസ് നയതന്ത്ര പ്രതിനിധി ആര്‍ച്ച്ബിഷപ് കാര്‍ലോ മരിയ വിഗാനോ പരോള്‍ ബോര്‍ഡിന് ചൊവ്വാഴ്ച കത്തയച്ചതുമാണ്. എന്നാല്‍ നല്‍കിയ കത്തും പരിഗണിക്കപ്പെട്ടില്ല.

കാമുകനുമായി ഗൂഢാലോചന നടത്തി ഭര്‍ത്താവിന്റെ കൊലപാതകം നടത്തിയതിനായിരുന്നു 47 വയസ്സുള്ള കെല്ലിക്ക് വധശിക്ഷ വിധിച്ചത്. 1997ല്‍ ആ കൊലപാതകം നടത്തിയ കാമുകന്‍ ഗ്രിഗറി ഒവന്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ടു ജീവപര്യന്തം തടവനുഭവിക്കുകയാണ്. കെല്ലിയുടെ ഭര്‍ത്താവ് ഡഗ്ലസ് ഗിസന്‍ഡേനറെ തട്ടിക്കൊണ്ടുപോയി വധിച്ച ഒവന്‍ കോടതിയില്‍ നിവേദന ഉടമ്പടിക്കു തയാറായതിനെത്തുടര്‍ന്നായിരുന്നു ശിക്ഷ കുറച്ചുകിട്ടിയത്.

1976ല്‍ വധശിക്ഷ തിരിച്ചുകൊണ്ടുവന്നതിനുശേഷം യുഎസില്‍ വധശിക്ഷയ്ക്കു വിധേയയാകുന്ന പതിനാറാമത്തെ വനിതയാണ് കെല്ലി ഗിസന്‍ഡേനര്‍. ഇവര്‍ക്കു മൂന്നു മക്കളുണ്ട്.

Top