യുഎഇയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക്‌ മൂന്നാം ജയം

പെര്‍ത്ത്: ലോകകപ്പിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് യുഎഇയെ തകര്‍ത്തു. 103 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇന്ത്യ 18.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ(57), വിരാട് കൊഹ്‌ലി(33) എന്നിവരാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ശിഖര്‍ ധവാന്റെ(14) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലു വിക്കറ്റ് വീഴ്ത്തി യുഎഇയെ തകര്‍ത്ത് ആര്‍ അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇ 31.3 ഓവറില്‍ 102 റണ്‍സിന് പുറത്താകുകയായിരുന്നു. ഈ ലോകകപ്പിലെ ഇതുവരെയുള്ള കുറഞ്ഞ സ്‌കോറിനാണ് യുഎഇ പുറത്തായത്. 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത അശ്വിനാണ് യുഎഇയെ തകര്‍ത്തത്. രവീന്ദ്ര ജഡേജയും ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്തു. പരിക്കില്‍നിന്ന് മോചിതനായി തിരിച്ചെത്തിയ ഭുവനേശ്വര്‍കുമാര്‍, മോഹിത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

35 റണ്‍സെടുത്ത ഷെയ്മന്‍ അന്‍വറാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. അന്‍വറിനെ കൂടാതെ 14 റണ്‍സെടുത്ത ഖുറാംഖാനും 10 റണ്‍സെടുത്ത മഞ്ജുള ഗുരുഗെയ്ക്കും മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കാണാനായത്. നാല് റണ്‍സെടുത്ത മലയാളിതാരം കൃഷ്ണചന്ദ്രനെ ആര്‍ അശ്വിന്‍ പുറത്താക്കി. പരിശീലനത്തിനിടെ പരിക്കേറ്റ മൊഹമ്മദ് ഷമിയ്ക്ക് പകരമായാണ് ഭുവനേശ്വറിനെ ടീമിലേക്ക് തിരിച്ചെത്തിയത്.

ഈ വിജയത്തോടെ ലോകകപ്പില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളും ജയിച്ച ഇന്ത്യ ആറു പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ്. ഒരു കളിയും ജയിക്കാത്ത യുഎഇയ്ക്ക് പോയിന്റൊന്നുമില്ല. മാര്‍ച്ച് ആറിന് വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. മാര്‍ച്ച് നാലിന് നടക്കുന്ന മല്‍സരത്തില്‍ പാകിസ്ഥാനാണ് യുഎഇയുടെ അടുത്ത എതിരാളികള്‍.

Top