യാത്രക്കാരെ ദുരിതത്തിലാക്കി റെയില്‍വേ; സ്ലീപ്പര്‍ക്ലാസ് ടിക്കറ്റുകള്‍ നിര്‍ത്തലാക്കി

പാലക്കാട്: യാത്രക്കാരെ ദുരിതത്തിലാക്കി റെയില്‍വെ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് നിര്‍ത്തി വെച്ചു. ഇനി മുതല്‍ റിസര്‍വേഷന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ സ്ലീപ്പര്‍ കോച്ചില്‍ കയറാന്‍ കഴിയൂ. ഇത് പകല്‍ യാത്ര നടത്തുന്ന യാത്രക്കാരെ ഏറെ വലക്കും. റിസര്‍വേഷന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരുടെ പരാതിയിലാണ് നടപടി.

ഇത് സംബന്ധിച്ച് സെപ്തംബര്‍ 16 ന് ഉത്തരവിറങ്ങിയെങ്കിലും ഇന്നലെ മുതല്‍ നടപ്പാക്കുകയായിരുന്നു. ഇതോടെ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് എടുത്ത് യാത്ര നടത്തുന്നവരുടെ ദുരിതം ഇരട്ടിയായി. പുതിയ നിയമമനുസരിച്ച് പെട്ടെന്ന് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് ഇനി സാധാരണ ടിക്കറ്റ് മാത്രമേ ലഭിക്കൂ. ഈ ടിക്കറ്റുമായി റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ടി.ടി.ഇ.മാരെ കണ്ടശേഷം സീറ്റ് ലഭ്യമാണെങ്കില്‍മാത്രമേ റിസര്‍വ്ഡ് കോച്ചുകളില്‍ കയറാനാവൂ. ഉയര്‍ന്ന ക്ലാസിലെ ടിക്കറ്റിനാവശ്യമായ തുകകൂടി ഈ സമയം നല്‍കേണ്ടിവരും.

നേരത്തെ രാവിലെ 6 മുതല്‍ രാത്രി 9 വരെയുള്ള സമയങ്ങളില്‍ സ്ലീപ്പര്‍ ടിക്കറ്റ് എടുത്ത് റിസര്‍വേഷന്‍ കോച്ചുകളില്‍ കയറി യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. ഇത് പകല്‍ സമയം ദൂരയാത്ര നടത്തുന്നവര്‍ക്ക് ഏറെ സഹായകരമായിരുന്നു.

എന്നാല്‍ റിസര്‍വേഷന്‍ ടിക്കറ്റ് എടുത്ത് കയറുന്നവര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്നു എന്ന പരാതിയുടെ പേരിലാണ് റെയില്‍വേ സ്ലീപ്പര്‍ നിര്‍ത്തലാക്കിയത്. ഇനി മുതല്‍ റിസര്‍വേഷന്‍ ടിക്കറ്റ് എടുക്കാത്തവര്‍ക്ക് ജനറല്‍ കമ്പാര്‍ട്ടുകളില്‍ മാത്രമേ കയറാനാകൂ. ദീര്‍ഘ ദൂര ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ കുറവായതിനാല്‍ ഈ കോച്ചുകളില്‍ വന്‍ തിരക്കാണ് ഉണ്ടാവുക. സാധാരണ യാത്രക്കാരെ വലക്കുന്ന റെയില്‍വേയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

Top