യാക്കൂബ് മേമന് വേണ്ടി ചെലവാക്കിയ തുക വെളിപ്പെടുത്താനാവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: 1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ സുരക്ഷയ്ക്കും വധശിക്ഷ നടപ്പാക്കിയതിനും ചെലവായ തുക വെളിപ്പെടുത്താനാവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യ സുരക്ഷയ്ക്കും ഐക്യത്തിനും ഹാനികരമാകുമെന്നതിനാലാണ് ഇക്കാര്യം വെളിപ്പെടുത്താത്തെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മേമന്റെ വധശിക്ഷയ്ക്കും സുരക്ഷയ്ക്കും ചെലവായ തുകയെക്കുറിച്ചുള്ള വിവരം ആരാഞ്ഞ് വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗാലി നല്കിയ ഹര്‍ജിയിന്മേലാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.

യൂക്കൂബ് മേമന്റെ അറസ്റ്റ് മുതല്‍ തൂക്കിലേറ്റിയതുവരെയുള്ള ചെലവുകണക്കാണ് ഗല്‍ഗാലി ആവശ്യപ്പെട്ടത്. ജൂലൈ 30നു നാഗ്പൂര്‍ ജയിലിലാണ് മേമനെ തൂക്കിലേറ്റിയത്. 1994-ലാണ് മേമന്‍ അറസ്റ്റിലായത്.

1993 മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. സ്‌ഫോടനത്തില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2008 മുംബൈ തീവ്രവാദി ആക്രമണത്തില്‍ പിടിയിലായ അജ്മല്‍ അമീര്‍ കസബിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്നത്തെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ മടിച്ചില്ലെന്നത് ഗല്‍ഗാലി ചൂണ്ടി കാണിച്ചു.

2008 നവംബര്‍ 26നു കസബിനെ അറസ്റ്റ് ചെയ്തതുമുതല്‍ തൂക്കിലേറ്റിയതുവരെ സര്‍ക്കാര്‍ 28.50 കോടി രൂപ ചെലവഴിച്ചതായായിരുന്നു കണക്ക്. ഭക്ഷണം, സുരക്ഷ, ചികിത്സ, വസ്ത്രം തുടങ്ങിയ എല്ലാ ചെലവുകളും ഉള്‍പ്പെടെയാണിത്. 2012 നവംബര്‍ 21-നാണ് കസബിനെ തൂക്കിലേറ്റിയത്.

Top