മൗനം വാചാലമാക്കി പി.ജെ ജോസഫ്; ജോസഫ് വിട്ടാല്‍ യുഡിഎഫ് സര്‍ക്കാര്‍ വീഴും

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി.സി ജോര്‍ജിനെ നീക്കണമെന്ന കെ.എം മാണിയുടെ ആവശ്യത്തില്‍ നിഷ്പക്ഷ നിലപാടെടുത്ത കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നിലപാട് ഉറ്റുനോക്കി ഇനി രാഷ്ട്രീയ കേരളം. യുഡിഎഫ് രാഷ്ട്രീയത്തില്‍ പ്രതിസന്ധിയായ വിഷയത്തില്‍ നിലപാടെടുക്കാതെ നിശബ്ദനായി നില്‍ക്കുകയാണ് പി.ജെ ജോസഫ്.

നേരത്തെ കേരള കോണ്‍ഗ്രസിന്റെ വൈസ് ചെയര്‍മാന്‍കൂടിയായ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പല നിലപാടിലും പി.ജെ ജോസഫ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടും മാണി ജോര്‍ജിനെ സംരക്ഷിക്കുകയായിരുന്നു. ഇതിന് ‘മറുപടിയായി’ മാണിയുടെ ബാര്‍കോഴക്കെതിരെ നിലപാടെടുത്തപ്പോള്‍ ജോര്‍ജിന്റെ ചീഫ് വിപ്പ് സ്ഥാനം നീക്കാന്‍ തിടുക്കപ്പെട്ട് നടപടിയെടുത്തപ്പോള്‍ ജോസഫ് വിഭാഗം നിഷ്പക്ഷത പാലിക്കുകയായിരുന്നു.

9 എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസില്‍ അഞ്ച് എംഎല്‍എ മാര്‍ മാണിക്കൊപ്പവും മൂന്നുപേര്‍ ജോസഫ് വിഭാഗത്തിലുമാണ്. പി.സി ജോര്‍ജ് ഗ്രൂപ്പില്‍ ഒറ്റയാനായ എംഎല്‍എയാണ്.

നേരത്തെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് മന്ത്രിയായിരുന്ന പി.ജെ ജോസഫ് കത്തോലിക്കാ സഭയുടെ ഇടപെടലിലാണ് മന്ത്രി സ്ഥാനം രാജിവെച്ച് മാണിയുടെ കേരള കോണ്‍ഗ്രസില്‍ ലയിച്ചത്. യുഡിഎഫ് സര്‍ക്കാരില്‍ ജലവിഭവവകുപ്പ് മന്ത്രിയായ ജോസഫ് പലപ്പോഴും മാണിയുമായി ഇടഞ്ഞിരുന്നു. സിപിഎം നേതൃത്വവുമായി ഏറെ അടുപ്പമുള്ള ജോസഫ് മാണി ഗ്രൂപ്പ് വിട്ടു വരികയാണെങ്കില്‍ ഇടതുപക്ഷം കൈനീട്ടി സ്വീകരിക്കും.

പി.സി ജോര്‍ജും പാര്‍ട്ടിവിട്ടു വരികയാണെങ്കില്‍ പരിഗണിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുള്ളത്.

ജോസഫ് ഗ്രൂപ്പിലെ എം.എല്‍.എമാരായ പി.ജെ ജോസഫ്, ടി.യു കുരുവിള, മോന്‍സ് ജോസഫ് എന്നിവര്‍ പി.സി ജോര്‍ജിനൊപ്പം ഇടതുപക്ഷത്തേക്ക് പോയാല്‍ കൂറുമാറ്റ നിയമപ്പരകാരം മാണിക്കു നടപടിയെടുക്കാനാവില്ല. യുഡിഎഫ് സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്യും. മാണിക്കെതിരെ ഉയരുന്ന പ്രതികൂല രാഷ്ട്രീയ സാഹചര്യം മുതലാക്കി കേരള കോണ്‍ഗ്രസ് വിടണമെന്ന നിലപാടാണ് പി.ജെ ജോസഫിനൊപ്പമുള്ള പ്രബല വിഭാഗത്തിന്.

ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോഴാണ് ജോസഫ് വിഭാഗത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചത്. മികച്ച വകുപ്പോടെയുള്ള മന്ത്രി സ്ഥാനവും ഇടുക്കി എം.പി സ്ഥാനവും ജോസഫ് വിഭാഗത്തിനായിരുന്നു. കത്തോലിക്കാ വിഭാഗവുമായുള്ള അടുപ്പത്തിന് ഇടതുപക്ഷത്തിനും ജോസഫിന്റെ സാന്നിധ്യം ഗുണകരമായിരുന്നു.

നിലവില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തോടെ യുഡിഎഫിന് 73 എംഎല്‍എമാരായി കുറഞ്ഞിട്ടിണ്ട്. എല്‍ഡിഎഫിന് 69 പേരും . ജോസഫ് ഗ്രൂപ്പിലെ മൂന്നു എംഎല്‍എമാര്‍ ഇടതുപക്ഷത്തെത്തിയാല്‍ എല്‍ഡിഎഫിന്റെ അംഗസംഖ്യ 72 ആയി ഉയരും.

യുഡിഎഫ് വിട്ട കെ.ബി ഗണേഷ്‌കുമാറിന്റെയും പി.സി ജോര്‍ജിന്റെയും പിന്തുണയും ലഭിക്കുന്നതോടെ ഇടതുമുന്നണിക്ക് ഭരണം ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരമൊരു നീക്കത്തിന് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നല്‍കുമോയെന്നാണ് കണ്ടറിയേണ്ടത്.

Top