മ്യാന്മറില്‍ വെള്ളപ്പൊക്കം: മരണസംഖ്യ 100 കടന്നു

നയ്പിഡാവ്: മ്യാന്മറില്‍ ദിവസങ്ങളായി തുടരുന്ന ശക്തമായ വെള്ളപ്പൊക്കത്തില്‍ മരണം നൂറു കടന്നു. 10 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കദുരിതം ബാധിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ദക്ഷിണേഷ്യയിലെ പല രാജ്യങ്ങളിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുകയാണ്.

ദരിദ്രരാജ്യങ്ങളിലൊന്നായ മ്യാന്മറില്‍ 12 സംസ്ഥാനങ്ങളും വെള്ളപ്പൊക്കക്കെടുതിയിലാണ്. കനത്ത വെള്ളപ്പൊക്കത്തില്‍ 1.2 ദശലക്ഷം ഏക്കര്‍ (486,000 ഹെക്ടര്‍) നെല്‍വയല്‍ വെള്ളത്തിനടിയിലാവുകയും 430,000 ഏക്കര്‍ കൃഷിഭൂമി നശിക്കുകയും ചെയ്തിട്ടുണ്ട്. കനത്തമഴയില്‍ പ്രധാന നദികള്‍ ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്.

2008ല്‍ നര്‍ഗീസ് കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 138,000 പേര്‍ മരിക്കുകയൊ കാണാതാവുകയൊ ചെയ്തിരുന്നു. നവംബറില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മ്യാന്മറില്‍ ഭരണപ്രതിപക്ഷകക്ഷികള്‍ വെള്ളപ്പൊക്കം തെരഞ്ഞെടുപ്പ് വിഷയമാക്കിയേക്കും.

Top