മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ട് ചിത്രം വീണ്ടും വൈകും

ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ട് ചിത്രം ഇനിയും വൈകുമെന്ന് സൂചന. എം. പത്മകുമാര്‍ എസ്. സുരേഷ്ബാബു ടീമൊരുക്കുന്ന കനലില്‍ മോഹന്‍ലാലിനോടൊപ്പം പൃഥ്വിരാജ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഡേറ്റില്ലാത്തതിനാല്‍ കനലില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതിനെത്തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു പ്രമുഖ യുവതാരവുമായുള്ള ചര്‍ച്ചയിലാണ് കനലിന്റെ അണിയറ പ്രവര്‍ത്തകര്‍.

സൂപ്പര്‍ഹിറ്റായ ശിക്കാറിന് ശേഷം എം. പത്മകുമാര്‍ എസ്. സുരേഷ്ബാബു ടീമൊരുക്കുന്ന കനല്‍ നിര്‍മ്മിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവും ടി.എം. റഫീക്കും ചേര്‍ന്നാണ് . ദുബായ് ഉള്‍പ്പെടെയുള്ള വിവിധ ലൊക്കേഷനുകളിലായി പൂര്‍ത്തിയാകും.

പത്മകുമാറും സുരേഷ്ബാബുവും പൃഥ്വിരാജിനോട് കഥ പറയുകയും, പൃഥ്വിരാജ് ചെയ്യാമെന്നേറ്റിരുന്നതുമാണത്രെ. എന്നാല്‍ ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന കനല്‍ മേയ് 20ന് തുടങ്ങാന്‍ തീരുമാനിക്കപ്പെട്ടതോടെ പൃഥ്വിരാജ് വെട്ടിലായി. ഇന്നുമുതല്‍ ഒറ്റപ്പാലത്ത് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന പൃഥ്വിരാജ് അടുത്തതായി അഭിനയിക്കുന്നത് നാദിര്‍ഷാ സംവിധായകനാകുന്ന അമര്‍ അക്ബര്‍ അന്തോണിയിലാണ്.

മോഹന്‍ലാല്‍ ഇപ്പോള്‍ രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലോഹത്തിന്റെ കൊച്ചിയിലെ ലൊക്കേഷനിലാണ്. ലോഹത്തിന് ഇനി പതിനഞ്ച് ദിവസത്തെ ചിത്രീകരണം കൂടിയാണ് അവശേഷിക്കുന്നത്. ലോഹത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഈ ചിത്രത്തിലും പൃഥ്വിരാജുണ്ടാകില്ലെന്നാണ് സൂചന.

ലാല്‍ജോസ് സംവിധാനം ചെയ്യാനിരുന്ന കസിന്‍സ് എന്ന ചിത്രത്തിലാണ് മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. നിര്‍മ്മാതാവിന്റെ പിടിപ്പുകട് കൊണ്ടാണ് ആ ചിത്രം നടക്കാതെ പോയതത്രെ

ലോഹം പൂര്‍ത്തിയാക്കിയശേഷം വൈശാഖിന്റെ പുലിമുരുകനിലല്‍ അഭിനയിക്കാനാണ് മോഹന്‍ലാല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് മേയില്‍ തുടങ്ങാനിരുന്ന ചിത്രം ജൂലായിലേക്ക് നീട്ടിവച്ചിരുന്നു. മേയില്‍ മോഹന്‍ലാല്‍ അനിലിന്റെ ഭാരതരത്‌ന എന്ന ചിത്രത്തിലഭിനയിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഭാരതരത്‌നയും നീട്ടിവയ്ക്കുകയായിരുന്നു. അങ്ങനെയാണ് ഒടുവില്‍ ലോഹത്തിന് ശേഷം കനലിന് നറുക്ക് വീണത്. കനലിന്റെ തിരക്കഥ വായിച്ച മോഹന്‍ലാല്‍ ആവേശത്തിലാണത്രെ.

Top