മോഹന്‍ലാല്‍ ജാതിയുടെ മുഖമണിയരുത്; മലയാളിയുടെ മുഖം ഒരു ജാതിയുടേതുമല്ല

മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് നടന്‍ മോഹന്‍ലാല്‍. ഏതെങ്കിലും ഒരു മതത്തിന്റേയോ ജാതിയുടേയോ,രാഷ്ട്രീയത്തിന്റേയോ തുലാസില്‍ തൂക്കി അദ്ദേഹത്തെ ഇതുവരെ ആരും അളന്നിട്ടില്ല. ലക്ഷക്കണക്കിന് വരുന്ന ലാലിന്റെ ആരാധകരില്‍ വിവിധ ജാതി – മത രാഷട്രീയത്തില്‍ പെട്ടവരുണ്ട്. അതില്‍ സ്ത്രീകളും കുട്ടികളുമുണ്ട്, പ്രായഭേദമന്യേയുള്ള ഈ ആരാധക വൃന്ദം കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ സിനിമാ പ്രവര്‍ത്തകനും അവകാശപ്പെടാന്‍ പറ്റാത്തത്ര വലുതാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടി.വി ചാനല്‍ ആരംഭിക്കുന്ന സമയത്ത് അതിന്റെ ഡയറക്ടര്‍മാരില്‍ പ്രധാനിയായി നടന്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലിനെ ചാനല്‍ ഉടമകള്‍ തീരുമാനിച്ചപ്പോള്‍ സ്‌നേഹത്തോടെ ക്ഷണം നിരാകരിക്കാന്‍ മോഹന്‍ലാലിനെ പ്രേരിപ്പിച്ചത് രാഷ്ട്രീയപക്ഷം ആരോപിക്കപ്പെടുമോയെന്ന ഭയമായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വസിക്കുന്നവരും അല്ലാത്തവരും തന്റെ ആരാധകരായി ഉണ്ടെന്ന ‘യഥാര്‍ത്ഥ്യം’ മനസിലാക്കിയാണ് ലാല്‍ അന്ന് നിലപാടെടുത്തിരുന്നത്. ഉപദേശികളുടെ സമ്മര്‍ദവും ഇക്കാര്യത്തില്‍ ശക്തമായിരുന്നു

ലാലിന്റെ പിന്മാറ്റത്തില്‍ വിഷമമുണ്ടായിരുന്നെങ്കിലും കൈരളി ടി.വിയോ അതിന് പിന്‍തുണ നല്‍കുന്ന സിപിഎം നേതൃത്വമോ ഒരു തരത്തിലുള്ള പ്രതികരണത്തിനും മുതിരാതെ ലാലിന്റെ നിലപാട് അംഗീകരിക്കുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് നടന്‍ മമ്മൂട്ടിയെ ചാനല്‍ ചെയര്‍മാനായി ഡയറക്ടര്‍ ബോര്‍ഡ് തെരെഞ്ഞെടുത്തത്. അദ്ദേഹം ഇപ്പോഴും ആ പദവിയില്‍ തുടരുകയുമാണ്. ജാതി- മത – രാഷ്ട്രീയ കേന്ദ്രങ്ങളോട് വ്യക്തമായ അകലം പാലിച്ചു പോന്നിരുന്ന മോഹന്‍ലാല്‍ എന്‍.എസ്എസ് ആസ്ഥാനത്ത് പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ യുക്തിയാണ് മനസിലാകാത്തത്. മുന്‍കാലങ്ങളില്‍ സ്വീകരിച്ചുപോന്നിരുന്ന നിലപാടുകള്‍ മാറ്റാന്‍ ലാലിനെ ഇപ്പോള്‍ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണം. ലാല്‍ നായരാണ് എന്ന സത്യം ഒരു പക്ഷേ ഭൂരിപക്ഷ മലയാളികള്‍ക്കും വെളിവായത് എന്‍എസ്എസിന്റെ മന്നംജയന്തി ആഘോഷത്തില്‍ കഴിഞ്ഞദിവസം ലാല്‍ പങ്കെടുത്തതോടെയാണ്.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ അമരക്കാരനായിരുന്ന മന്നത്ത് പദ്മനാഭന്‍ തീര്‍ച്ചയായും ആരാധിക്കപ്പെടേണ്ട വ്യക്തിത്വമാണ്. എന്‍എസ്എസ് കേരളത്തിലെ സാമൂഹ്യ വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ മാറ്റങ്ങളും പ്രസക്തമാണ്.

എന്‍എസ്എസിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രശംസ ചൊരിയാന്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുടെ താല്‍പര്യം പകല്‍പോലെ വ്യക്തമാണെങ്കിലും ലാലിന്റെ താല്‍പര്യമെന്തായിരുന്നു എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. എന്‍എസ്എസിന്റെ എത്രയോ വാര്‍ഷിക യോഗങ്ങള്‍ക്കും മന്നംജയന്തി ആഘോഷങ്ങള്‍ക്കും പെരുന്ന സാക്ഷ്യം വഹിച്ചിട്ടുണ്ട്. സൂപ്പര്‍ താരപദവിയില്‍ കാല്‍നൂറ്റാണ്ടിലേറെയായി വിലസുന്ന മോഹന്‍ലാലിന്റെ നിഴല്‍പോലും അന്നൊന്നും ആപരിസരത്ത് കണ്ടിരുന്നില്ല.

ഇനി ക്ഷണക്കത്ത് ഇപ്പോഴാണോ കിട്ടിയതെന്ന കാര്യം മാത്രമേ അറിയാനുള്ളു. ലാല്‍ പണ്ടേ ഇവിടെ വരേണ്ടതായിരുന്നുവെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ കമന്റില്‍ അതിനുള്ള ഉത്തരവുമുണ്ട്.

ലക്ഷക്കണക്കിന് ആരാധകരുള്ള താരങ്ങളെ ഏത് സംഘടനയും പാര്‍ട്ടികളും ആഗ്രഹിക്കും. ഇത്തരം ഘട്ടങ്ങളില്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുന്ന താരങ്ങള്‍ പിന്നീട് പിന്നിട്ട പാതയിലേക്ക് തിരിച്ച് പോകുന്നതിന്റെ ‘ഉദ്യേശശുദ്ധി’ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

മാതാ അമൃതാനന്ദമയിക്കെതിരെ അവരുടെ ശിഷ്യ ഉയര്‍ത്തിയ ആരോപണം കത്തിനിന്ന അവസരത്തില്‍ അമ്മയ്ക്ക് പിന്‍തുണയുമായി പരസ്യമായി രംഗത്തുവന്ന മോഹന്‍ലാലിന്റെ നടപടിയെ പൊതുസമൂഹം അവജ്ഞയോടെ കാണാതിരുന്നത് ലാലിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം മുതല്‍ അമ്മയുമായുള്ള ഹൃദയസ്പര്‍ശിയായ ബന്ധം തിരിച്ചറിഞ്ഞതുകൊണ്ട് മാത്രമാണ്.

സങ്കീര്‍ണമായ പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ട് ബ്ലോഗില്‍കൂടി നയം വ്യക്തമാക്കുന്ന ലാലിന്റെ നിലപാടുകള്‍ പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. ഈ അംഗീകാരം പക്ഷേ ഏതെങ്കിലും ജാതിസംഘടനകള്‍ക്ക് മുന്‍പില്‍ അടിയറവ് വയ്ക്കാനുള്ള ലൈസന്‍സല്ലായെന്ന് ലാല്‍ മനസിലാക്കണം. ഭരണകൂടങ്ങളെ വിറപ്പിച്ച് നിര്‍ത്തിയിരുന്ന മുന്‍കാല ശക്തി വീണ്ടെടുക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇത്തവണ എന്‍എസ്എസ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.

ഈ നീക്കങ്ങള്‍ക്ക് പ്രൗഡി കൂട്ടാനും കരുത്തേകാനുമാണ് സൂപ്പര്‍ താരത്തിന്റെ സാന്നിദ്ധ്യം വഴിയൊരുക്കിയത്. ക്ഷണം കിട്ടിയ മാത്രയില്‍ കുതിച്ചെത്തിയ അധികാര കേന്ദ്രങ്ങളുടെ സങ്കുചിത താല്‍പര്യം തന്നെയാണൊ മോഹന്‍ലാലിനേയും പെരുന്നയിലേക്ക് നയിച്ചതെന്നറിയാന്‍ രാഷ്ട്രീയ കേരളത്തിന് താല്‍പര്യമുണ്ട്.

താങ്കളുടെ അടുത്ത ബ്ലോഗില്‍ ഇതിനുള്ള ഉത്തരം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു

Team ExpressKerala

Top