മോഹന്‍ലാലിനൊപ്പമുള്ള കൂട്ട് താന്‍ ആസ്വദിക്കുന്നു: അനൂപ് മേനോന്‍

മോഹന്‍ലാലിനൊപ്പം കനല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ല് ഇത് വരെയും വിട്ടു പോയിട്ടില്ല അനൂപ് മേനോന്. താന്‍ അദ്ദേഹത്തോടൊപ്പമുള്ള കൂട്ട് ആസ്വദിക്കുന്നുണ്ടെന്നും എല്ലായ്‌പ്പോഴും അദ്ദേഹവുമായി നല്ല അടുപ്പം കാത്ത് സൂക്ഷിക്കുന്നുണ്ടെന്നും അനൂപ് പറഞ്ഞു. ഇതിന് മുമ്പും മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം ഒരു മുഴുനീള വേഷം അവതരിപ്പിക്കുന്നത് ഇതാദ്യമാണെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ വളരെ രസികനായൊരു വ്യക്തിയാണെന്നാണ് അനൂപ് മേനോന്‍ പറയുന്നത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതും രസകരമാണ്. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും അദ്ദേഹം ആസ്വദിക്കും. തനിക്ക് വിഷമമുള്ള സമയത്ത് അത് പുറത്ത് കാട്ടാതെ തന്റെ ചുറ്റുമുള്ളവര്‍ സന്തുഷ്ടരാണെന്ന് അദ്ദേഹം ഉറപ്പിക്കാറുണ്ട്. ലാലേട്ടന്റെ അമ്മ ആശുപത്രിയില്‍ കിടന്നപ്പോള്‍ അക്കാര്യം താന്‍ ശ്രദ്ധിച്ചിരുന്നെന്ന് അനൂപ് വ്യക്തമാക്കി.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനലിന്റെ തിരക്കഥാകൃത്ത് സുരേഷ് ബാബുവാണ്. ഏറെ കാലമായി മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരുന്ന വേഷമാണ് ഈ ചിത്രത്തിലേത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ദുബായില്‍ കുടുങ്ങിക്കിടക്കുന്ന ശേഷം തിരികെ നാട്ടിലെത്തുന്ന രണ്ട് പേരെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘ എല്ലാ അവസാനങ്ങള്‍ക്കും പഴയ ഒരു തുടക്കമുണ്ട്’ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

വിനോദ് ഇല്ലംപിള്ളി കാമറ.സംഗീത സംവിധാനം ഔസേപ്പച്ചന്‍. എറണാകുളം, മൈസൂര്‍, മൂന്നാര്‍, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം വൈകാതെ റിലീസ് ചെയ്യും.

Top