മോഷണം പോയ മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കപ്പെടുന്നു; ഫ്‌ളിപ്കാര്‍ട്ടിന് നോട്ടീസ്

ന്യൂഡല്‍ഹി: മോഷണം പോയ മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കപ്പെടുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ വ്യപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൃത്യമായ പരിശോധന നടത്താതെ ഫോണുകള്‍ എങ്ങനെ വിറ്റഴിച്ചുവെന്നും ഇവ ലഭിച്ചത് എവിടെനിന്നാണെന്നു വ്യക്തമാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി 600 മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്തിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്നും ഇവയില്‍ പകുതിയും മോഷണം പോയി. തുടര്‍ന്ന് ഡല്‍ഹി പൊലീസിലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന 209 ഫോണുകള്‍ കണ്ടെത്തി. ഇവയില്‍ 22 എണ്ണം ഫ്‌ളിപ്കാര്‍ട്ട് വഴി ഷോപ്പിങ് നടത്തിയ വ്യക്തികളില്‍ നിന്നാണ് കണ്ടെടുത്തത്.

മൈസൂര്‍, ബെംഗളൂരു, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഡല്‍ഹി, ഛണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഫ്‌ളിപ്കാര്‍ട്ട് വഴി ഫോണുകള്‍ വാങ്ങിയത്.

കേസുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ഫോണുകള്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ വിറ്റഴിക്കുന്ന വന്‍ റാക്കറ്റ് സംഘം ഇതിനു പിന്നിലുണ്ടെന്ന് കണ്ടെത്തിയത്.

കാര്‍ഗോയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഫോണുകള്‍ കടത്തിയതെന്നും രാജസ്ഥാനിലെ ഫ്‌ളിപ്കാര്‍ട്ട് ഏജന്റിന്റെ സഹായത്തോടെയാണ് ഉപയോക്താക്കള്‍ക്ക് ഫോണുകള്‍ വിറ്റഴിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു.

അതേസമയം, ഫ്‌ളിപ്കാര്‍ട്ടിന് ഒരു പെരുമാറ്റച്ചട്ടമുണ്ട്. അത് ലംഘിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് വക്താവ് വ്യക്തമാക്കി.

Top