മോഡിയെ വധിക്കാന്‍ സിമി പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

റായ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് വധിക്കാന്‍ നിരോധിത സംഘടന സിമി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. പൊലീസിന്റെ പിടിയിലായ മുന്‍ സിമി പ്രവര്‍ത്തകന്‍ ഗുര്‍ഭാന്‍ എന്നയാളാണു രഹസ്യാന്വേഷണ വിഭാഗത്തെപ്പോലും ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

മോഡി അംബികാപുരില്‍ ഒരു റാലിയില്‍ പെങ്കെടുക്കുമ്പോള്‍ സ്‌ഫോടനം നടത്തി വധിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചില കാരണങ്ങള്‍ക്കൊണ്ട് തങ്ങള്‍ക്ക് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നെന്നും ഗുര്‍ഭാന്‍ വെളിപ്പെടുത്തുന്നു.

ഇതോടെ, റായ്പുരില്‍ നില്‍ക്കാന്‍ കഴിയാതെ ഒളിച്ചോടിയ ഇയാള്‍ അറബിക്കടലിന്റെ ഏതോ തീരത്ത് ചില്ലറ ജോലികള്‍ ചെയ്തു ജീവിക്കുകയായിരുന്നു. സിമിയില്‍ അംഗമാകുന്നതിനു മുന്‍പ് മെഡിക്കല്‍ റെപ്രസന്റേറ്റീവായിയാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. പിന്നീട്, സിമിയില്‍ ആകൃഷ്ടനായി നേപ്പാളിലെത്തി മുതിര്‍ന്ന നേതാക്കളെ നേരില്‍ കണ്ടു. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങളൊന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കണ്ടെത്താനായിട്ടില്ലെന്നനും ഗുര്‍ഭാന്‍ പറഞ്ഞു.

ഇന്‍ഡോറില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ സഹപ്രവര്‍ത്തകരായ ഇസാവുദീന്‍, അസ്ലാം എന്നിവര്‍ കൊല്ലപ്പെട്ടതോടെയാണു ഗുര്‍ഭാന്‍ റായ്പുര്‍ കോടതിയില്‍ കീഴടങ്ങിയത്.

പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സിമിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

Top