ഭൂമിയേറ്റെടുക്കല്‍ ബില്‍ ഭേദഗതിക്കെതിരെ കെജ്‌രിവാള്‍ വീണ്ടും സമരത്തിനൊരുങ്ങന്നു

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായാലും സമരങ്ങള്‍ തുടരുമെന്ന പ്രഖ്യാപനം പാലിക്കാനൊരുങ്ങി ആം ആദ്മി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ ബില്‍ ഭേദഗതിക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ചു നടത്തിയാണ് രണ്ടാമത് ഡല്‍ഹി മുഖ്യമന്ത്രിയായതിനുശേഷമുള്ള ആദ്യസമരത്തിന് അദ്ദേഹം അരങ്ങുകുറിക്കുന്നത്.

ഏപ്രില്‍ 22നാണ് ആം ആദ്മി പ്രവര്‍ത്തകരെ നയിച്ച് ജന്തര്‍ മന്തറില്‍നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. ദേശീയ എക്‌സിക്യൂട്ടിവ് തീരുമാന പ്രകാരമാണ് സമരമെന്ന് പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി.

ഇല്യാസ് ആസ്മി, പ്രേംസിങ് പഹാഡി, യോഗേഷ് ദഹിയ തുടങ്ങിയ നേതാക്കളടങ്ങിയ സമിതി വിവിധ കര്‍ഷകസംഘടനാ നേതാക്കളുമായി ചര്‍ച്ചനടത്തി പിന്‍തുണ തേടുന്നുണ്ട്.

ലോക്‌സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടതോടെ ഭേദഗതി ഓര്‍ഡിനന്‍സിന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടിയതിനാല്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെയും കര്‍ഷക -ജനകീയ സംഘടനകളുടെയും സമരങ്ങള്‍ ആ ദിവസങ്ങളില്‍ ഡല്‍ഹിയിലുണ്ടാകും.

സമരങ്ങളുടെ സഹചാരിയായ കെജ്‌രിവാള്‍ 49 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന ആദ്യ ഊഴത്തില്‍ പാതയോരത്ത് രാത്രി സത്യഗ്രഹം കിടന്നതും ഡല്‍ഹി പൊലീസിനെതിരെ ധര്‍ണയിരുന്നതും വലിയ വാര്‍ത്തകളായിരുന്നു.

ആം ആദ്മി പാര്‍ട്ടിയില്‍ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും കലാപക്കൊടി ഉയര്‍ത്തിയതോടെ കെജ്‌രിവാള്‍ പ്രതിരോധത്തിലായിരുന്നു. പാര്‍ട്ടിയില്‍ കെജ്‌രിവാള്‍ ഏകാധിപതിയാണെന്നായിരുന്നു ഇവരുടെ ആക്ഷേപം. പാര്‍ട്ടിയിലും ഭരണത്തിലും കൂടുതല്‍ പിടിമുറുക്കുക എന്ന ലക്ഷ്യവുമുണ്ട് കെജ്‌രിവാളിന്റെ പുതിയ സമരപ്രഖ്യാപനത്തില്‍.

Top