മോഡി സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയ കലാപങ്ങള്‍ വര്‍ദ്ധിച്ചതായി ആംനെസ്റ്റി

ലണ്ടന്‍:നരേന്ദ്ര മോഡി സര്‍ക്കാരിന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ രൂക്ഷ വിമര്‍ശനം. മോഡി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചെന്നും, കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ആയിരക്കണക്കിന് ഇന്ത്യക്കാരെ വിഷമത്തിലാക്കിയെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തുന്നു.

2014 മേയ് മാസത്തിന് ശേഷം ഇന്ത്യയില്‍ സംഘര്‍ഷം വര്‍ദ്ധിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബിജെപി മോഹനവാഗ്ദാനങ്ങളായിരുന്നു നല്‍കിയിരുന്നത്. നല്ല ഭരണം, എല്ലാ ജനങ്ങളിലും വികസനം എത്തിക്കും, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയവയായിരുന്നു അത്. എന്നാല്‍ സര്‍ക്കാരിന് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ലെന്ന് ആംനെസ്റ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, കോര്‍പ്പറേറ്റുകളുടെ കയ്യില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍രക്കാര്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉദാഹരണമായെടുത്തുകൊണ്ടാണ് ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെ ആംനെസ്റ്റി പരാമര്‍ശിച്ചിരിക്കുന്നത്. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ചില ഹൈന്ദവ സംഘടനകള്‍ ശ്രമിച്ച കാര്യവും ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഭൂമിഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ വ്യാപക എതിര്‍പ്പ് നേരിടുന്നതിനിടെയാണ് ആംനെസ്റ്റിയുടെ രൂക്ഷ വിമര്‍ശനവും നേരിട്ടിരിക്കുന്നത്. ഇത് സര്‍ക്കാരിനെ കൂടുതല്‍ വിഷമഘട്ടത്തിലേക്ക് തള്ളി വിടുമെന്നാണ് സൂചന.

Top