മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിയ്ക്ക് ജന്‍ കല്യാണ്‍ പര്‍വ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

നഗ്‌ല ചന്ദ്രഭാന്‍ ഗ്രാമത്തിലാണ് വാര്‍ഷികത്തിന്റെ ആദ്യ ചടങ്ങ് നടക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായുള്ള ആദ്യറാലി മഥുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്കുള്ള സമ്മാനമായി കിസാന്‍ ചാനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

അതേസമയം, ഒന്നാം വാര്‍ഷിക ആഘോഷ ചടങ്ങിലേക്കു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിക്കു ക്ഷണമില്ല. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

എന്നാല്‍, ദീന്‍ദയാല്‍ ഉപാധ്യായ ജന്മഭൂമി സ്മാരക സമിതിയാണു ചടങ്ങു സംഘടിപ്പിച്ചിരിക്കുന്നതെന്നും അവരാണു നേതാക്കളെ ക്ഷണിച്ചതെന്നുമാണു ബിജെപി നേതാക്കളുടെ വിശദീകരണം.

Top