കുഞ്ഞാലിക്കുട്ടിയെ കേരള മോഡിയാക്കാന്‍ അപ്‌കോ വേള്‍ഡ് വൈഡ് കമ്പനി രംഗത്ത്‌

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ പാപക്കറയില്‍ നിന്നും നരേന്ദ്രമോഡിയെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന അമേരിക്കല്‍ പബ്ലിക് റിലേഷന്‍ജസ് കമ്പനി ആപ്‌കോ വേള്‍ഡ് വൈഡ് കേരള മോഡിയായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നു.

മോഡി മാതൃകയില്‍ സംസ്ഥാന വ്യവസായ വകുപ്പ് വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ആപ്‌കോ വേള്‍ഡ് വൈഡിന്റെ സഹായം തേടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വികസന നേട്ടം ജനങ്ങളിലെത്തിക്കാനാണ് വന്‍തുക മുടക്കി ആപോക് വേള്‍ഡ് വൈഡുമായി വ്യവസായവകുപ്പ് കരാറിലേര്‍പ്പെടുന്നത്. ഈ മാസം അവസാനം കരാര്‍ ഒപ്പിടും.

ഇതിന്റെ ഭാഗമായ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം ആപ്‌കോ വേള്‍ഡ് വൈഡ് ഇന്ത്യാ മേധാവി സുകന്തി ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘവുമായി ചര്‍ച്ച നടത്തി.

ഭരണ നേട്ടം ജനങ്ങളിലെത്തിക്കുന്ന സംസ്ഥാന പിആര്‍ഡി വകുപ്പിനെ തഴഞ്ഞാണ് കോടികള്‍ പൊടിച്ച് കുഞ്ഞാലിക്കുട്ടി മോഡിയുടെ മുഖം മിനുക്കിയ പി.ആര്‍ കമ്പനിയുടെ സഹായം തേടുന്നത്.

2007ലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി ആപ്‌കോ വേള്‍ഡ് വൈഡുമായി പ്രതിമാസം 25,000 ഡോളര്‍ നിരക്കില്‍ കരാര്‍ ഒപ്പിട്ടത്. ഗുജറാത്ത് കലാപത്തിലെ മോശം പ്രതിഛായ മാറ്റി വികസന നായകനാക്കി മോഡിയെ ഉയര്‍ത്തിക്കൊണ്ടുവന്നത് ആപ്‌കോയാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി ആരംഭിച്ച വൈബ്രന്റ് ഗുജറാത്ത് പദ്ധതിക്ക് വന്‍ പ്രചരണമാണ് നല്‍കിയത്. ആപ്‌കോ വേള്‍ഡ് വൈഡിന്റെ പ്രചാരണം വഴി ലോകത്തെമ്പാടുമുള്ള 32 ഓഫീസുകള്‍ വഴി നിക്ഷേപകരെ ഗുജറാത്തിലേക്ക് ആകര്‍ഷിപ്പിച്ചു.

ഇതിനു സമാനമായ കരാറിലാണ് വ്യവസായവകുപ്പ് ഒപ്പിടാന്‍ പോകുന്നത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ അടക്കമുള്ള നേട്ടങ്ങള്‍ സര്‍ക്കാര്‍ സംവിധാനമായ പിആര്‍ഡി വഴി ജനങ്ങളിലെത്തിക്കുമ്പോഴാണ് കുഞ്ഞാലിക്കുട്ടി സ്വന്തം നിലക്ക് മോഡിയുടെ പി.ആര്‍ ഏജന്‍സിയെ തെരഞ്ഞെടുത്തത്.

Top