മോഡിയുടെ ആവശ്യം യു.എന്‍ അംഗീകരിച്ചു; ജൂണ്‍ 21 ഇനി ലോക യോഗ ദിനം

ന്യൂഡല്‍ഹി:ഇന്ത്യന്‍ യോഗയെ ലോക യോഗ ദിനമായി പ്രഖ്യാപിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആവശ്യം യുണൈറ്റഡ് നേഷന്‍സ് അംഗീകരിച്ചു. ജൂണ്‍ 21 ലോക യോഗ ദിനമായി ഇന്ന് യു.എന്‍ പ്രഖ്യാപിക്കും. കഴിഞ്ഞ സെപ്തംബറില്‍ യുണൈറ്റഡ് നേഷന്‍സ് അസംബ്ലിയിലാണ് നരേന്ദ്ര മോഡി ഇന്ത്യന്‍ യോഗയെ ലോകമാകെ എത്തിക്കേണ്ടതിനെ പറ്റി പ്രസംഗിച്ചത്.

ജൂണ്‍ 21 ലോക യോഗ ദിനമായി പ്രഖ്യാപിക്കാനുള്ള യു.എന്നിന്റെ തീരുമാനം ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്. 170 രാജ്യങ്ങള്‍ മോഡിയുടെ ആവശ്യത്തെ പിന്തുണച്ചു. യൂറോപ്യന്‍ യൂണിയനിലെ 28 അംഗങ്ങള്‍ മോഡിയുടെ ആശയത്തെ പിന്തുണയ്ക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഹെര്‍മന്‍ വാന്‍ റോംപി നവംബറില്‍ മോഡിയെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ യോഗയെ ലോക യോഗ ദിനമായി പ്രഖ്യാപിക്കണമെന്നായിരുന്നു മൂന്നു മാസം മുമ്പ് മോഡി യു.എന്‍ അസംബ്ലിയില്‍ ആവശ്യപ്പെട്ടിരുന്നത്. യോഗ നമുക്ക് ലഭിച്ച അമൂല്യമായ സമ്മാനമാണ്. യോഗ വെറും വ്യായാമം മാത്രമല്ല, സ്വയം വ്യക്തിത്വത്തെ വികസിപ്പിക്കാനും പ്രകൃതിയെ അടുത്തറിയാനുമുള്ള ഉപാധിയാണ്. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വാചാലനായ മോഡി, ശ്രീപദ് നായ്ക്കിനെ യോഗ മന്ത്രിയായി നിയമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

യോഗയുടെ പ്രാധാന്യത്തെ കൂടുതല്‍ മനസിലാക്കാനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതല്‍ അറിയാനും ലോക യോഗ ദിനം സഹായിക്കുമെന്നും മറ്റ് പ്രമുഖ ദിനങ്ങള്‍ ആചരിക്കുന്ന പ്രാധാന്യത്തോടെ തന്നെ യോഗ ദിനവും ആചരിക്കുമെന്നും യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി അശോക് കുമാര്‍ പറഞ്ഞു.

മോഡിയുടെ ഈ നീക്കത്തെ യോഗ ഗുരു ബാബ രാംദേവും അംഗീകരിച്ചിരുന്നു. ലോക യോഗ ദിനം പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ വീടുകളില്‍ യോഗ അഭ്യസിക്കാന്‍ തുടങ്ങുമെന്നും അത് ഇന്ത്യയ്ക്ക് അഭിമാനമാണെന്നും രാംദേവ് പറഞ്ഞു.

Top