മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ‘ഭീഷണി’ 21കാരന്‍; ആശങ്കയോടെ ടീം മോഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.എസ് സന്ദര്‍ശനത്തിനുമേല്‍ പ്രവാസി പട്ടേല്‍ സമുദായത്തിന്റെ പ്രതിഷേധം കരിനിഴല്‍ വീഴ്ത്തുമെന്ന് സൂചന. ആശങ്കയോടെ മോഡി ടീം.

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 70-ാമത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ മാസം 23ന് മോഡി ന്യൂയോര്‍ക്കിലത്തെുമ്പോള്‍ കറുത്ത കൊടികളുമായി പ്രതിഷേധിക്കാനാണ് യു.എസിലെ പട്ടേലുമാരോട് 21കാരനായ സമുദായനേതാവ് ഹാര്‍ദിക് പട്ടേലിന്റെ ആഹ്വാനം.

കഴിഞ്ഞവര്‍ഷം മോഡിക്ക് സ്വീകരണം നല്‍കിയ കാല്‍ലക്ഷം പട്ടേലുമാര്‍ കരിങ്കൊടിയുമായി എത്തുന്നത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മോഡിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കും. ഇതിനെ മറികടക്കാനുള്ള മോഡിയുടെ പി.ആര്‍.ഒ ഏജന്‍സിയായ ആപ്‌കോ വേള്‍ഡ് വൈഡിന്റെ നീക്കവും ഇതുവരെ വിജയം കണ്ടിട്ടില്ല.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ആദ്യ യു.എസ് സന്ദര്‍ശനത്തില്‍ മോഡിക്ക് ഇന്ത്യന്‍ സമൂഹം ഗംഭീര വരവേല്‍പ് നല്‍കിയ മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഇത്തവണ പട്ടേല്‍ സമുദായത്തിന്റെ പ്രതിഷേധജ്വാല ആളിക്കത്തിക്കാനാണ് പട്ടേലുകളുടെ തീരുമാനം.

24ന് ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തുനിന്ന് മോഡി പ്രസംഗിക്കുന്ന വേദിയിലേക്ക് 25,000 പേരുടെ പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ പ്രവാസിവിഭാഗമായ ഓവര്‍സീസ് അനാമത് ആന്ദോളന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കറുത്ത വസ്ത്രം ധരിച്ചും കരിങ്കൊടി പിടിച്ചും മോഡിയെ പ്രതിഷേധമറിയിക്കാന്‍ ന്യൂയോര്‍ക്കിലെ പട്ടേല്‍ സമുദായക്കാരോട് ഹാര്‍ദിക് പട്ടേലും ആഹ്വാനം ചെയ്തു.

അഹമ്മദാബാദില്‍ ആഗസ്റ്റ് 25ന് റാലിക്കിടെ ഹാര്‍ദിക് പട്ടേലിനെ കസ്റ്റഡിയിലെടുത്തതിനെതുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സമുദായനേതാക്കള്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിക്കാനാണ് യു.എസിലെ പട്ടേലുകാര്‍ മാര്‍ച്ച് നടത്തുന്നത്.

അതിനിടെ, നരേന്ദ്ര മോഡി ഒരു ആണ്‍പൂച്ചയാണെന്ന് വിജയപൂരില്‍ നടന്ന യോഗത്തില്‍ ഹാര്‍ദിക് പട്ടേല്‍ പരിഹസിച്ചു. ‘ആണ്‍പൂച്ച അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ അവിടെ കാത്തിരിക്കുന്നത് പട്ടേലുകാരുടെ പ്രതിഷേധമായിരിക്കും’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലുമായി നടന്ന കൂടിക്കാഴ്ചയില്‍ ന്യൂയോര്‍ക്കിലെ പ്രതിഷേധം വിഷയമായില്ലെന്ന് ഹാര്‍ദിക് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി 10 ദിവസം ആവശ്യപ്പെട്ടതായും പ്രക്ഷോഭം തുടരുമെന്നും പറഞ്ഞു.

സമുദായനേതാക്കള്‍ക്കെതിരായ അതിക്രമത്തില്‍ പങ്കാളികളായ പൊലീസുകാരുടെ അറസ്റ്റും സസ്‌പെന്‍ഷനുമാണ് ആവശ്യം. അതിനിടെ, സമുദായത്തിന്റെ ശക്തികേന്ദ്രങ്ങളായ ഗുജറാത്തിലെ നിരവധി ഗ്രാമങ്ങളില്‍ രാഷ്ട്രീയനേതാക്കള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.
ഗാന്ധിനഗര്‍, മഹേസന ജില്ലകളില്‍ വിലക്ക് അറിയിച്ച് ബാനറുകള്‍ ഉയര്‍ത്തി.

അരാവല്ലി ജില്ലയിലെ മൊദാസ നഗരത്തില്‍ ബി.ജെ.പി ജില്ലാ ഓഫിസ് ഭാരവാഹികളോട് 10 ദിവസത്തിനകം അവരുടെ വാടകസ്ഥലം ഒഴിഞ്ഞുപോകാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. പട്ടേല്‍ സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവിടെ ബി.ജെ.പി ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

Top