മോഡിക്ക് സര്‍ക്കാര്‍ വാര്‍ഷികാഘോഷം; സംഘപരിവാര്‍ സമരമുഖത്ത്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയില്‍ സംഘ്പരിവാര്‍ തൊഴില്‍, കര്‍ഷക, വ്യാപാരി സംഘടനകള്‍ സര്‍ക്കാറിനെതിരെ യുദ്ധം പ്രഖ്യാപിച്ച് രംഗത്ത്.

തൊഴില്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ രണ്ടിന് അഖിലേന്ത്യാ തലത്തില്‍ തൊഴിലാളി സംഘടനകള്‍ നടത്താനൊരുങ്ങുന്ന പണിമുടക്കില്‍ പങ്കെടുക്കാന്‍ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്)തീരുമാനിച്ചു.

ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള മുന്‍ സര്‍ക്കാറിന്റെ തീരുമാനം പിന്തുടരുന്നതിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.

ഭൂമി ഏറ്റെടുക്കല്‍ ബില്ലുമായി മുന്നോട്ടു നീങ്ങുന്നതിനെതിരെ കിസാന്‍ മഞ്ച് ആര്‍എസ്എസിനെ പ്രതിഷേധം അറിയിച്ചിരുന്നു.

തൊഴില്‍ രംഗത്ത് നടപ്പാക്കുന്ന പരിഷ്‌കരണങ്ങളില്‍ വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധത്തിലാണ്. പത്തിന ആവശ്യങ്ങള്‍ അവര്‍ സര്‍ക്കാറിന് മുമ്പാകെ വെച്ചിരുന്നു. എന്നാല്‍ നടപടിയൊന്നുമില്ല. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ രണ്ടിന് പൊതുപണിമുടക്ക് നടത്താനുള്ള തീരുമാനം ചൊവ്വാഴ്ച കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചേക്കും.

ബിഎംഎസ് അടക്കം 11 തൊഴിലാളി സംഘടനകള്‍ ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

വിലക്കയറ്റവും തൊഴിലില്ലായ്മയും നേരിടാന്‍ സര്‍ക്കാറിന്റെ വ്യക്തമായ പദ്ധതികള്‍ ആവശ്യപ്പെടുന്ന ട്രേഡ് യൂണിയനുകള്‍ പൊതുമേഖലാ സ്ഥാപന ഓഹരിവില്‍പന തടയണമെന്നും തൊഴിലാളികള്‍ക്കായി സാര്‍വത്രിക സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കണമെന്നുമുള്ള നിര്‍ദേശവും മുന്നോട്ടു വെക്കുന്നു.

തൊഴില്‍ നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍, റെയില്‍വേയില്‍ വിദേശ നിക്ഷേപം അനുവദിച്ചത് എന്നിവക്കും ബിഎംഎസ് അടക്കമുള്ള സംഘടനകള്‍ എതിരാണ്. യൂണിയനുകളുടെ പ്രതിഷേധം മുന്‍നിര്‍ത്തി ശനിയാഴ്ച സര്‍ക്കാര്‍ മന്ത്രിതല സമിതിയെ ചര്‍ച്ചക്ക് നിയോഗിച്ചിട്ടുണ്ട്.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. മള്‍ട്ടിബ്രാന്‍ഡ് റീട്ടെയില്‍ എഫ്ഡിഐ തീരുമാനം പിന്‍വലിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തശേഷം, മുന്‍സര്‍ക്കാറിന്റെ തീരുമാനം അതേപടി മുന്നോട്ടു കൊണ്ടുപോകാമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറിയത് ചോദ്യം ചെയ്താണ് സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത്.

ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്റെ കാര്യത്തില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുനില്‍ക്കേ, അതിനൊപ്പം സംഘ്പരിവാര്‍ കര്‍ഷക സംഘടന എതിര്‍പ്പുയര്‍ത്തുന്നതും കേന്ദ്രത്തെ വല്ലാതെ അലട്ടുന്നുണ്ട്.

Top