മോഡിക്ക് ഭീഷണി ഉയര്‍ത്തി ഹാര്‍ദിക്; പിന്നില്‍ പ്രവീണ്‍ തൊഗാഡിയ

അഹമ്മദാബാദ്: സംവരണത്തിനായി മറ്റു സംസ്ഥാനങ്ങളില്‍ സമരങ്ങള്‍ നടത്തുന്ന കുര്‍മി, ഗുജ്ജര്‍, മറാത്ത സമുദായങ്ങളിലെ ചിലരുമായി കൈകോര്‍ത്ത് പട്ടേലുകളുടെ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ പുതിയ സംഘടനരൂപീകരിച്ച് ദേശീയതലത്തില്‍ ശക്തിതെളിയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഭീഷണിയാകുന്നു.

പിന്നോക്ക, ന്യൂനപക്ഷ സംവരണം അവസാനിപ്പിക്കണമെന്ന നിലപാടുള്ള വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയും ആര്‍.എസ്.എസ് നേതൃത്വവും ഹാര്‍ദ്ദിക്കിനെ രഹസ്യമായി പിന്തുണക്കുന്നതാണ് മോഡിക്ക് ഭീഷണിയാകുന്നത്.

ഗുജറാത്തിലെ ബി.ജെ.പിയുടെ വോട്ടുബാങ്കും സാമ്പത്തിക സ്രോതസുമായ പട്ടേല്‍ സമുദായം ഇടയുന്നത് മോഡിക്ക് കനത്ത തിരിച്ചടിയാണ്. ഇവരുമായി കുറുമികളും ഗുജ്ജാറുകളും കൈകോര്‍ക്കുന്നതോടെ അത് ദേശീയതലത്തില്‍ കേന്ദ്ര ഭരണത്തിനെതിരായ പ്രക്ഷോഭമായി മാറും.

അഖില ഭാരതീയ പട്ടേല്‍ നവനിര്‍മാണ്‍ സേന എന്ന സംഘടനയുടെ രൂപീകരണം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചാണ് ഹാര്‍ദ്ദിക് പോരാട്ടത്തിനിറങ്ങുന്നത്. കുറുമികളും ഗുജ്ജറുകളും ഒരേ രക്തത്തില്‍നിന്നാണെന്നു തിരിച്ചറിഞ്ഞതിനാലാണ് ഒറ്റക്കെട്ടായി നീങ്ങാന്‍ തീരുമാനിച്ചതെന്നാണ് വാദം.

സംവരണത്തിനായി പൊരുതുന്നതിനൊപ്പം കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍ എന്നിവരുടെ അവകാശങ്ങളും സേന മുഖ്യവിഷയമായി ഉയര്‍ത്തിപ്പിടിക്കുമെന്നും രാജ്യത്തെ ലോകശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഹാര്‍ദ്ദിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ 7.8 ലക്ഷം പേര്‍ സേനയിലുണ്ടെന്നും ഗുജറാത്ത്, മധ്യപ്രദേശ്, യു.പി, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒക്ടോബറില്‍ നടത്തുന്ന റാലിയോടെ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും പട്ടേല്‍ അവകാശപ്പെട്ടു.

ഓരോ റാലിയിലും നാല് ലക്ഷം പേര്‍ അണിനിരക്കും. ഡല്‍ഹിയിലെ രാംലീലാ മൈതാനിയിലെ റാലിയില്‍ ദശലക്ഷങ്ങളെത്തുമെന്നാണ് അവകാശവാദം.

രാഹൂല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും അടക്കമുള്ള രാഷ്ട്രീയ എതിരാളികളേക്കാള്‍ മോഡി ക്യാംപ് ഭയപ്പെടുന്നത് 22 കാരനായ ഹര്‍ദ്ദിക് പട്ടേലിനെയാണെന്നതും ശ്രദ്ധേയമാണ്.

Top