മോഡിക്ക് ബദല്‍ കെജ്‌രിവാള്‍ – നിതീഷ് കൂട്ടുകെട്ട് ? എല്ലാ കണ്ണുകളും ബീഹാറിലേക്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ അപ്രസക്തരാക്കി നരേന്ദ്രമോഡി സര്‍ക്കാര്‍ നടത്തുന്ന മുന്നേറ്റത്തെ പിടിച്ചുകെട്ടാന്‍ ആര് വരുമെന്ന ചോദ്യത്തിന്റെ ഉത്തരം ബീഹാര്‍ നല്‍കുമെന്ന പ്രതീക്ഷയില്‍ രാഷ്ട്രീയലോകം.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും പ്രചണ്ടമായ പ്രചരണങ്ങളെ അതിജീവിച്ച് വീണ്ടും ബീഹാറില്‍ അധികാരത്തില്‍ വരാന്‍ നിതീഷ്‌കുമാറിന് കഴിഞ്ഞാല്‍ അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ചേര്‍ന്ന് പുതിയ പോര്‍മുന തുറക്കുമെന്നാണ് കരുതപ്പെടുന്നത്.

കേന്ദ്രഭരണത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടും ലക്ഷം കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടും ബീഹാര്‍ ബിജെപിക്ക് കൈവിട്ടാല്‍ പിന്നീട് നടക്കുന്ന തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കേരളം, ബംഗാള്‍ തുടങ്ങി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മോഡിയെ സംബന്ധിച്ച് അഗ്‌നിപരീക്ഷണമാകും.

ദേശീയതലത്തില്‍ പ്രതിപക്ഷത്തെ ഏകോപിപ്പിച്ച് സമരം നയിക്കാനുള്ള ശേഷി കോണ്‍ഗ്രസ്സിന് നഷ്ടമാകുന്ന പശ്ചാത്തലത്തില്‍ ‘മൂന്നാം ബദല്‍’ ബീഹാറില്‍ നിതീഷ് വിജയക്കൊടി നാട്ടുകയാണെങ്കില്‍ ഉരുത്തിരിഞ്ഞുവരാനാണ് സാധ്യത.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിടിച്ചുനില്‍ക്കാനും ആത്മവിശ്വാസം പകരാനും ബീഹാറിലെ നിതീഷ് വിജയം അനിവാര്യമാണ്.

ഇത്തരം സാഹചര്യമുണ്ടായാല്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ നിതീഷ്‌കുമാറും അരവിന്ദ് കെജരിവാളും ചേര്‍ന്ന് ഒരു രാഷ്ട്രീയ കൂട്ടുകെട്ട് ദേശീതലത്തില്‍ രൂപീകരിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല.

അഴിമതിക്കേസില്‍ തുറങ്കിലടക്കപ്പെട്ട ലാലുപ്രസാദ് യാദവ് നിതീഷിന്റെ കൂടെ സഖ്യത്തിലുള്ളതാണ് അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള കെജരിവാളിനെ സംബന്ധിച്ച് ജെ.ഡി.യുവിനോട് സഹകരിക്കുവാന്‍ തടസ്സം സൃഷ്ടിക്കുന്നത്.

എന്നാല്‍ അഴിമതിയേക്കാള്‍ മോഡി ഉയര്‍ത്തുന്ന ഭീഷണി ഗൗരവമായിക്കണ്ട് കെജ്‌രിവാള്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ.

ഡല്‍ഹി പോലീസിനെ ചൊല്ലി കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് ബീഹാര്‍ പോലീസില്‍ നിന്ന് ഒരു സംഘത്തെ വിട്ടുനല്‍കിയ നിതീഷിന്റെ നടപടി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കെജരിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും തട്ടകമായ ഡല്‍ഹി നിവാസികളില്‍ ബഹുഭൂരിപക്ഷവും ബീഹാറികള്‍ ആണ് എന്നതും നിതീഷ് കെജരിവാള്‍ സൗഹൃദത്തിന്റെ ഒരു പ്രധാന കാരണമാണ്.

നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് ശേഷം മോഡിയുടെ പ്രചരണ തന്ത്രങ്ങളെയും ബിജെപിയുടെ സംഘടനാ സംവിധാനത്തെയും മറികടന്ന് ഡല്‍ഹി ഭരണം പിടിച്ച കെജരിവാള്‍ മാതൃകയില്‍ ഒരു വിജയമാണ് ബീഹാറില്‍ നിതീഷ് കുമാര്‍ ആഗ്രഹിക്കുന്നത്. അതിനായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡിയുടെ വിജയത്തിന് പ്രധാന കാരണക്കാരായ ടീം മോഡിയുടെ ശില്‍പ്പിയെ തന്നെ തന്റെ കൂടാരത്തിലേക്ക് അടര്‍ത്തിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

അതേസമയം തന്റെ പാര്‍ട്ടിയായ ജെഡിയു ലാലുപ്രസാദിന്റെ ആര്‍ജെഡിയുമായും കോണ്‍ഗ്രസ്സുമായും കൂട്ടുകൂടി മത്സരിച്ചിട്ടും അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് രാഷ്ട്രീയപരമായ ആത്മഹത്യയായിരിക്കും എന്ന തിരിച്ചറിവും നിതീഷ്‌കുമാറിനുണ്ട്.

അതുകൊണ്ട് തന്നെ തന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുന്നതോടൊപ്പം ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാനില്ലാത്തതിന്റെ ‘പരിമിതി’യും നിതീഷ് നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.

തീപാറുന്ന ബീഹാറിലെ പോരാട്ടം രാജ്യത്തെ പ്രതിപക്ഷത്തിന്റെ ഭാവി നിര്‍ണ്ണയിക്കുമെന്നതിനാല്‍ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളും ബീഹാര്‍ തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് നല്‍കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ മോഡിയുണ്ടാക്കിയ പ്രതിച്ഛായ ബീഹാറില്‍ തട്ടി തെറിക്കാതിരിക്കാന്‍ സംഘ്പരിവാര്‍ സംഘടനകളുടെ മുഴുവന്‍ ശക്തിയും ബിജെപി പ്രയോജനപ്പെടുത്തുന്നുണ്ട്.

പ്രചരണങ്ങളില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും പ്രധാനമന്ത്രി മോഡിയും ലാലുപ്രസാദ് യാദവുമായിരുന്നു താരങ്ങള്‍.

അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിധി വരുന്നത് നവംബര്‍ എട്ടിനാണ്.

Top