മോട്ടോ ഇയുടെ പുതിയ പതിപ്പ് 4ജി ഇന്ത്യന്‍ വിപണിയില്‍ എത്തി

മോട്ടോ ഇയുടെ പുതിയ പതിപ്പ് 4ജി എഡിഷന്‍ ഇന്ത്യയില്‍ എത്തി. ആദ്യകാഴ്ചയില്‍ പഴയ മോട്ടോ ഇ യുമായി വലിയ വ്യത്യാസം ഇല്ലെങ്കിലും. 1.2 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസറാണ് പുതിയ മോഡലിലുള്ളത്. പഴയ ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസറായിരുന്നു. പ്രൊസസറിന്റെ ശേഷി കൂടുന്നതിനനുസരിച്ച് ഫോണിന്റെ പ്രവര്‍ത്തനവേഗവും കൂടും.

ഫോണിന്റെ സ്‌ക്രീന്‍വലിപ്പത്തിലും ചെറിയ വ്യത്യാസമുണ്ടായിട്ടുണ്ട്. 540X960 പിക്‌സല്‍ റിസൊല്യൂഷനുളള 4.3 ഇഞ്ച് ക്യു.എച്ച്.ഡി. ഡിസ്‌പ്ലേയാണ് പഴയ മോട്ടോ ഇയിലുണ്ടായിരുന്നത്. അതേ റെസൊല്യൂഷന്‍ തന്നെയുള്ള 4.5 ഇഞ്ച് സ്‌ക്രീനാണ് പുതിയ മോട്ടോ ഇയിലുണ്ടാകുക. സ്‌ക്രീന്‍ വലിപ്പം കൂടുന്നതിനനുസരിച്ച് സ്‌ക്രീന്‍ റിസൊല്യൂഷന്‍ കൂട്ടിയില്ലെങ്കില്‍ ദൃശ്യങ്ങളുടെ മിഴിവ് അല്പം കുറയാനിടയുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. ഇക്കാര്യം മോട്ടറോള ചിന്തിക്കാത്തതെന്തുകൊണ്ട് എന്ന കാര്യം അറിയില്ല.

മുന്‍ക്യാമറ ഇല്ല എന്നതായിരുന്നു മോട്ടോ ഇയുടെ പ്രധാനപോരായ്മയായി വിലയിരുത്തപ്പെട്ടിരുന്നത്. പുതിയ മോട്ടോ ഇ സെക്കന്‍ഡ് ജനറേഷനില്‍ ഈ പോരായ്മയും പരിഹരിച്ചിരിക്കുന്നു. വി.ജി.എ. ക്യാമറയാണ് ഉള്ളത് സെല്‍ഫിയെടുക്കാനും വീഡിയോ ചാറ്റിനുമൊക്കെ ഇത് ധാരാളം മതി. പഴയ ഫോണിലുണ്ടായിരുന്നതുപോലെ അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറ തന്നെയാണ് പുതിയ മോട്ടോ ഇയിലുമുള്ളത്.

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 5.0 ലോലിപോപ്പ് വെര്‍ഷനിലാണ് പുതിയ മോട്ടോ ഇ പ്രവര്‍ത്തിക്കുക. ഒരു ജി.ബി.റാം, എട്ട് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവ ഫോണിനുണ്ട്. 2390 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുണ്ടാകുക. പഴയ ഫോണ്‍ ഡ്യുവല്‍ സിം ആയിരുന്നുവെങ്കില്‍ പുതിയത് സിംഗില്‍ സിം മോഡല്‍ ആണെന്ന വ്യത്യാസവുമുണ്ട്.

ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. 7,999രൂപയാണ് വില.

Top