മൊഹീന്ദര്‍ അമര്‍നാഥ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി മൊഹീന്ദര്‍ അമര്‍നാഥ് വീണ്ടും എത്തുന്നു. സെപ്റ്റംബറില്‍ അമര്‍നാഥ് മുഖ്യ സെലക്ടറായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ തുടര്‍ച്ചയായി എട്ടു ടെസ്റ്റുകള്‍ തോറ്റതിനെത്തുടര്‍ന്ന് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് അമര്‍നാഥ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ബിസിസിഐ പ്രസിഡന്റും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമായ എന്‍. ശ്രീനിവാസന്‍ പക്ഷത്തിന്റെ അപ്രീതിക്കിരയായ അമര്‍നാഥിനെ 2012ല്‍ സെലക്ടര്‍ സ്ഥാനത്തുനിന്ന് ബിസിസിഐ ഒഴിവാക്കുകയായിരുന്നു.

ബിസിസിഐയില്‍ ഉരുത്തിരിയുന്ന പുതിയ അധികാര സമവാക്യങ്ങളാണ് അമര്‍നാഥിന്റെ തിരിച്ചുവരവിന് കളമൊരുക്കുന്നത്. ധോണിയ പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന ക്യാപ്റ്റനാണെന്നും ഇത് എതിരാളികള്‍ക്ക് തിരിച്ചുവരവിന് അവസരം നല്‍കുന്നുവെന്നും അമര്‍നാഥ് കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടിരുന്നു. ധോണിക്ക് നാട്ടില്‍ നല്ല റെക്കോര്‍ഡുണ്ടെങ്കിലും വിദേശ പരമ്പരകളില്‍ അദ്ദേഹം വട്ട പൂജ്യമാണെന്നും കഴിഞ്ഞ വര്‍ഷം അമര്‍നാഥ് വ്യക്തമാക്കിയിരുന്നു.

അമര്‍നാഥിന് പുറമെ മുന്‍ സെലക്ടറായ ദിലീപ് വെംഗ്‌സര്‍ക്കാറും സെലക്ഷന്‍ കമ്മിറ്റിയില്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചനയുണ്ട്. മുമ്പ് 2006 മുതല്‍ 2008വരെ വെഗ്‌സര്‍ക്കാര്‍ ഇന്ത്യന്‍ ടീം സെലക്ടറായിരുന്നിട്ടുണ്ട്. അമര്‍നാഥ് തിരിച്ചുവരികയാമെങ്കില്‍ ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ ധോണി കടുത്ത സമ്മര്‍ദ്ദത്തിലായേക്കുമെന്നാണ് കരുതുന്നത്.

Top