മൊബൈല്‍ റീചാര്‍ജ്ജ് കമ്പനിയായ ഫ്രീ ചാര്‍ജ്ജിനെ സ്‌നാപ്ഡീല്‍ ഏറ്റെടുത്തു

ബംഗലുരൂ: ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ സ്‌നാപ്ഡീല്‍ മൊബൈല്‍ റീചാര്‍ജ്ജ് കമ്പനിയായ ഫ്രീ ചാര്‍ജ്ജിനെ ഏറ്റെടുത്തു. 2800 കോടി ഡോളര്‍ മുടക്കിയാണ് സ്റ്റാര്‍ട്ട് അപ് സംരംഭമായ ഫ്രീ ചാര്‍ജ്ജിനെ ഏറ്റെടുത്തത്. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്തൃ രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണിതെന്നാണ് വിലയിരുത്തല്‍.

ഇനി ഫ്രീചാര്‍ജ്ജ് നല്‍കുന്ന റീചാര്‍ജ്ജ് കാര്‍ഡുപയോഗിച്ച് സ്‌നാപ്ഡീലില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. മൊബൈല്‍ വ്യാപാരത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഇത് സ്‌നാപ്ഡീലിനെ സഹായിക്കുമെന്നാണ് കരുതുന്നത്.

മാസം പത്തുലക്ഷത്തിലേറെ വ്യാപാരം ഒരുമിച്ച് നടത്താനാകുമെന്നും ഇതുവഴി വിപണി വിഹിതത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കാന്‍ കഴിയുമെന്നുമാണ് കമ്പനികളുടെ അവകാശവാദം. 2010 ല്‍ സ്ഥാപിതമായ ഫ്രീ ചാര്‍ജ്ജിന് 2 കോടി ഉപഭോക്താക്കളുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ വ്യാപാരം ശക്തിപ്പെടുത്തുന്നതിന് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും പുതിയ കൂട്ടുകെട്ടിലൂടെ കൂടുതല്‍ വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിലെത്തിക്കാന്‍ സാധിക്കുമെന്നും സ്‌നാപ്ഡീല്‍ സഹ സ്ഥാപകന്‍ കുനാല്‍ ബാല്‍ പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ നാല് കമ്പനികളെ ഏറ്റെടുത്ത സ്‌നാപ്ഡീല്‍ കൂടുതല്‍ കമ്പനികളെ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിപണിയില്‍ മേധാവിത്വം നേടുന്നതിനായി ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ മൊബൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെ ഏറ്റെടുക്കുന്ന പ്രവണത വര്‍ദ്ധിച്ചിട്ടുണ്ട്.

Top