മൈക്രോസോഫ്റ്റ് മേധാവിയുടെ ശമ്പളം വര്‍ധിച്ചു

കാലിഫോര്‍ണിയ: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ ശമ്പളം 843 ലക്ഷം ഡോളറായി വര്‍ധിച്ചു. അതായത് 516 കോടിയിലേറെ ഇന്ത്യന്‍ രൂപ.

ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 9,18,917 ഡോളര്‍ ശമ്പളയിനത്തിലും 36 ലക്ഷം ഡോളര്‍ ബോണസായും മൈക്രോസോഫ്റ്റ് സിഇഒ സ്വന്തമാക്കി. കൂടാതെ 798 ലക്ഷത്തോളം ഡോളറിന്റെ മൈക്രോസോഫ്റ്റ് ഓഹരിയും നാദെല്ലക്ക് ലഭിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇന്ത്യന്‍ വംശജനായ സത്യ നാദെല്ല മൈക്രോസോഫ്റ്റ് സിഇഒയായി ചുമതലയേറ്റെടുക്കുന്നത്. 46കാരനായ നാദെല്ല ഹൈദരാബാദിലാണ് ജനിച്ചത്.

ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള സണ്‍ സോഫ്റ്റ്‌വെയറില്‍ നിന്നും 1992ലാണ് നാദെല്ല മൈക്രോസോഫ്റ്റില്‍ ചേര്‍ന്നത്. മൈക്രോസോഫ്റ്റില്‍ ചേര്‍ന്ന് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാദെല്ല സിഇഒ ആയി നിയമിതനായത്. മാംഗ്ലൂര്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം നേടിയ നാദല്ലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും എടുത്തിട്ടുണ്ട്.

Top