മേയര്‍ പദവിയില്‍ നോട്ടമിട്ട് ലീഡറുടെ മകള്‍; ‘ഐ’ ഗ്രൂപ്പില്‍ ഭിന്നത;പ്രതീക്ഷയോടെ സിപിഎം

കൊച്ചി: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ തയ്യാറെടുത്ത് ലീഡറുടെ മകള്‍.

കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റിന് പിന്നാലെയാണ് മേയര്‍ പദവി മോഹവുമായി പത്മജ വേണുഗോപാല്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ഇതോടെ കോണ്‍ഗ്രസിലെ ‘ഐ’ ഗ്രൂപ്പില്‍ നിന്ന് തന്നെ മൂന്ന് വനിതാ നേതാക്കളാണ് മേയര്‍ സ്ഥാനം ലക്ഷ്യമിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. നിലവിലെ ഡെപ്യൂട്ടി മേയര്‍ ഭദ്രയും സജീവമായി നേരത്തെ തന്നെ ചരട് വലി തുടങ്ങിയിരുന്നു. മൂന്ന് പേരും ‘ഐ’ ഗ്രൂപ്പുകാരാണ് എന്നതാണ് ഇതിലെ പ്രത്യേകത.

ലീഡര്‍ കെ കരുണാകരന്റെ മകള്‍ എന്ന നിലയില്‍ ‘ഐ’ഗ്രൂപ്പിന്റെ പ്രഥമ പരിഗണന പത്മജക്ക് തന്നെയാണ്. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നാണ് പത്മജ പറയുന്നത്. മേയര്‍ മോഹവുമായി ലാലി വിന്‍സന്റ് കഴിഞ്ഞ ദിവസം രംഗത്ത് വന്നതോടെയാണ് തന്റെ നിലപാട് പത്മജ വ്യക്തമാക്കിയത്. ഇത് ‘ഐ’ ഗ്രൂപ്പില്‍ ഭിന്നതക്ക് കാരണമായിട്ടുണ്ട്.

കഴിഞ്ഞ തവണ മേയര്‍ പദവി ‘എ’ ഗ്രൂപ്പിനായതിനാല്‍ ഇത്തവണ അധികാരം ലഭിക്കുകയാണെങ്കില്‍ ‘ഐ’ ഗ്രൂപ്പിന് കൊച്ചി കോര്‍പറേഷന്‍ മേയര്‍ പദവി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വനിതാ സംവരണമായ മേയര്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് സിപിഎം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ജില്ലാ സെക്രട്ടറി പി.രാജീവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. ഇത്തവണ അധികാരം പിടിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം.

യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പത്മജ വേണുഗോപാലും ലാലി വിന്‍സന്റും ചരട് വലി തുടങ്ങിയത് സംബന്ധിച്ച് ആദ്യമായി Express kerala-യാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Top