മേമന്റെ വധശിക്ഷ: മുംബൈയിലടക്കം ആക്രമണത്തിന് സാധ്യതയെന്ന് ഐബി

മുംബൈ: 1993 മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനു പിന്നാലെ മുംബൈയില്‍ സുരക്ഷ കര്‍ശനമാക്കി. ഭീകരവാദികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന് ഏതാനും ദിവസം മുന്‍പ് പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ഭീകരാക്രമണം ഉണ്ടായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനും സുരക്ഷാ നിര്‍ദേശം നല്‍കിയിരുന്നു.

യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതോടെ ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വീണ്ടും ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ വിവിഐപികളുടെയും പൊതുസ്ഥലങ്ങളിലെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസിനോട് അനുവാദം വാങ്ങാതെയും കൃത്യമായ മുന്നറിയിപ്പ് നല്‍കാതെയും വിവിഐപികള്‍ പരിപാടികള്‍ ആസൂത്രണം ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജൂലൈ 30ന് രാവിലെ 6.43നാണ് നാഗ്പൂര്‍ ജയിലില്‍ വച്ച് യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പ്രത്യാഘാതം ഉണ്ടാകുമെന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

Top